ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കോവിഡ് 19 വൈറസ് ബാധതുണ്ടാകാനുള്ള സാധ്യത ഒരു പോലെയാണെങ്കിലും വന്നുപെട്ടാല്‍ സങ്കീര്‍ണതകള്‍ ഏറെ ഉണ്ടാകാനുള്ള സാധ്യത ഹൃദ്രോഗികള്‍ക്കായതുകൊണ്ട് അവര്‍ അനുവര്‍ത്തിക്കേണ്ട പല മുന്‍കരുതലുകളുമുണ്ട്.

1. ഹൃദ്രോഗത്തിന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ യാതൊരു മാറ്റവും കൂടാതെ തുടര്‍ച്ചയായി കഴിക്കുക. ചിലപ്പോള്‍ അതേപേരുള്ള മരുന്നുകള്‍ കിട്ടിയെങ്കിലും ഉള്ളടക്കം കൃത്യമായാല്‍ മതി, പ്രത്യേകിച്ച് ആന്‍ജിയോ പ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞവര്‍ സ്‌റ്റെന്റുകളും ഗ്രാഫ്റ്റുകളും അടയാതിരിക്കാനുള്ള രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ മുടക്കം കൂടാതെ സേവിക്കണം. സ്റ്റാറ്റിന്‍, ബീറ്റാ ബ്ലോക്കുകള്‍, ഹൃദയപരാജയത്തിനുള്ള ഡയൂരറ്റിക്കുകള്‍ തുടങ്ങിയവ കൃത്യമായി കഴിക്കുക. മരുന്നിനു വേണ്ടി മാത്രം ആശുപത്രികളില്‍ അലഞ്ഞു തിരിയണ്ട. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കരസ്ഥമാക്കുക.

2. ഹാര്‍ട്ടറ്റാക്ക് ഉള്‍പ്പെടെ ഏത് എമര്‍ജന്‍സിയും ചികിത്സിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ ഇപ്പോഴുണ്ട്. നെഞ്ചിലെ അസ്വാസ്ഥ്യങ്ങളും ശ്വാസതടസവും അനിയന്ത്രിതമായാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോവുക. എന്നാല്‍ അത്യാവശ്യമില്ലാത്ത യാതൊരു ചികിത്സകള്‍ക്കും ഇപ്പോള്‍ ധൃതി കൂട്ടരുത്.

3. കൃത്യമായ വ്യായാമമുറകളിലേര്‍പ്പെടുക. ടെറസിലോ മുറ്റത്തോ വരാന്തയിലോ ട്രെഡ്മില്ലിലോ 30 – 45 മിനിട്ട് ദിവസേന നടക്കുക.

4. ഭക്ഷണത്തില്‍ പിശുക്കുകാട്ടരുത്. ചൂടുള്ള സമീകൃതാഹാരം കഴിക്കുക. ധാരാളമായി ചൂടുവെള്ളം കുടിക്കുക. എന്നാല്‍ ശരീരഭാരം കൂടാന്‍ അനുവദിക്കരുത്.

5. ആവശ്യത്തിന് ഉറക്കം വേണം. 7 – 8 മണിക്കൂര്‍ ഉറങ്ങണം. വായു സഞ്ചാരമുള്ള തുറസായ മുറികളില്‍ ഉറങ്ങുന്നത് നന്ന്.

6. മദ്യപാനവും പുകവലിയും കര്‍ശനമായി ഒഴിവാക്കുക. മദ്യപര്‍ക്ക് ആള്‍ക്കഹോള്‍ ലഭിക്കാത്ത അവസ്ഥയില്‍ പിന്മാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിന്റെ ചികിത്സയായി യാതൊരു കാരണവശാലും വീണ്ടും മദ്യം കഴിച്ചുതുടങ്ങരുത്. ഡി അഡിക്ക്ഷന്‍ സെന്ററുകളെ അഭയം പ്രാപിക്കണം.

7. ഡോക്ടറെ കൃത്യമായി കണ്ടില്ലെങ്കിലോ ആശുപത്രികളില്‍ ചെക്കപ്പിന് പോയില്ലെങ്കിലോ ഹൃദ്രോഗം മുര്‍ച്ഛിക്കും എന്ന ഭയം വേണ്ട. മനസ് എപ്പോഴും ശാന്തമായിരിക്കണം. നല്ലത് കേള്‍ക്കുക. ചിന്തിക്കുക, പ്രവര്‍ത്തിക്കുക. ഈ സമയം ഒരു തിരിഞ്ഞുനോട്ടത്തിനു ഇതുവരെ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങള്‍ തിരുത്തുന്നതിനുള്ള അവസരമായി വിനിയോഗിക്കുക. നല്ല സുഹൃത്തുക്കളുമായും ടെലഫോണ്‍ ബന്ധം പുലര്‍ത്തുക. നല്ല പുസ്തകങ്ങള്‍ വായിക്കുക. നല്ല സിനിമകള്‍ കാണുക. അങ്ങനെ ഒരു പോസിറ്റീവ് മനസിന്റെ ഉടമയാവുക.

സ്വാസ്ഥ്യമുള്ള ശരീരത്തിലും മനസിലും രോഗങ്ങളുണ്ടാകില്ല എന്നോര്‍ക്കണം. എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here