ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളിലെയും പങ്കാളിയാണ് ഹൃദയം. ആരോഗ്യമുള്ള ഹൃദയമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണം. ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസം പോലും മനുഷ്യ ജീവനെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ ഹൃദയത്തെ സുരക്ഷിതമായി നില നിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ജീവിതശൈലിയിലെ മാറ്റം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ മുതല്‍ ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവം വരെ ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൃദയസ്തംഭനത്തെ കുറിച്ചുള്ള ഗവേഷകരുടെ പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. ശൈത്യകാലത്ത് ആളുകളില്‍ ഹൃദയസ്തംഭനമുണ്ടാകുന്ന സംഭവങ്ങളുടെ എണ്ണം ഉയരുന്നതായാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. തണുപ്പുള്ള കാലാവസ്ഥ നമ്മുടെ ഹൃദയത്തിനും ദോഷകരമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ശൈത്യകാലത്ത്, ഹൃദയസ്തംഭനം കൂടുതലായി ഉണ്ടാകുന്നത് അതിരാവിലെയാണ്. നേരത്തെ ഇരുട്ടി തുടങ്ങുമ്പോള്‍ ആളുകള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ പിറ്റേ ദിവസം രാവിലത്തേയ്ക്ക് മാറ്റിവെയ്ക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഈ മാറ്റം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും രാവിലെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ശൈത്യകാലത്ത് ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. തണുത്ത കാലാവസ്ഥ നമ്മുടെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുകയും രക്ത സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മസ്തിഷ്‌കാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. തണുപ്പുള്ള സമയത്ത് ശരീരതാപനില നിലനിര്‍ത്താന്‍ നമ്മുടെ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ തണുത്ത കാറ്റ് ഈ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. ശരീര താപനില 95 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ അത് ഹൃദയ പേശികള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ കാര്‍ഡിയോളജിസ്റ്റ് എംഡിയായ പട്രീഷ്യ വാസ്സാലോ വ്യക്തമാക്കുന്നു. ശൈത്യകാലത്ത് സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കുന്നതും മസ്തിഷ്‌കാഘാതത്തിനോ ഹൃദയാഘാതത്തിനോ കാരണമാകാം. അതിനാല്‍, ശൈത്യകാലത്ത് എല്ലാവരും മാനസികാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here