ദീര്‍ഘനേരം ഒരേയിരുപ്പ് ഇരുന്നുള്ള ജോലി ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരുപാട് നേരം കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നത് അസ്ഥികളുടെ ബലക്ഷയത്തിനും നട്ടെല്ലിന് മുറിവുകളുണ്ടാകുന്നതിനും കാരണമായേക്കാം എന്ന് പഠനങ്ങള്‍ പറയുന്നു. തല ആവശ്യാനുസരണം ചലിപ്പിക്കാനുള്ള കഴിവിനെ പോലും ഇത് ദോഷകരമായി ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇരുന്നു കൊണ്ടു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും.

ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയാറുണ്ട്. എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തില്‍ നിന്നും ഇടവേളയെടുക്കേണ്ടതെന്നും അത് എത്ര സമയം വേണമെന്നുമൊക്കെ പഠനത്തിലൂടെ കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

 

കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദീര്‍ഘനേരം ഇരിക്കുന്നവരാണെങ്കില്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 30 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, നടക്കുകയേ ചെയ്യാതിരിക്കുക തുടങ്ങി അഞ്ച് വ്യത്യസ്തതരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തിയത്.

പതിനൊന്ന് പേരിലായിരുന്നു പരീക്ഷണം. എട്ട് മണിക്കൂര്‍ നേരം പലതരം പരിശീലനങ്ങള്‍ ചെയ്യിപ്പിച്ചതിനു ശേഷമാണ് 30 മിനിറ്റിന് ശേഷമുളള ഇടവേളകളില്‍ അഞ്ച് മിനിറ്റ് വീതം നടക്കുന്നതാണ് ഏറ്റവും ഉചിതമായതായി ഗവേഷകര്‍ വിലയിരുത്തിയത്. പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമൊക്കെ നല്‍കി ഇവരെ ദീര്‍ഘനേരം ഇരുത്തുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവരുടെ പ്രഷര്‍, ഷുഗര്‍ നിലകളും പരിശോധിച്ചുകൊണ്ടിരുന്നു. ഒപ്പം പങ്കെടുത്തവരുടെ മാനസികനില, ക്ഷീണം, വൈജ്ഞാനികമായ പ്രകടനത്തിന്റെ തോത് എന്നിവയും കൃത്യമായി പരിശോധിക്കുന്നുണ്ടായി. അമേരിക്കന്‍ കോളേജ് ഓഫ് സ്പോര്‍ട്സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here