ജിപിഎസ് സംവിധാനം തകരാറിലായതിനെ തുടര്ന്ന് ഒട്ടേറെ കമ്പനികള് മണിക്കൂറുകളോളം പ്രശ്നത്തിലായി. ജിപിഎസ് ഉപഗ്രഹങ്ങള് തെറ്റായ സമയം സംപ്രേക്ഷണം ചെയ്തതാണ് പ്രശ്നമായതെന്ന്, സമയകൃത്യത വിലയിരുത്തുന്ന ‘ക്രോണോസ്’ ( Chronos ) കമ്പനി അറിയിച്ചു.
കഴിഞ്ഞയാഴ്ച സമയവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള് ക്രോണോസ് കമ്പനി നിരീക്ഷിച്ചിരുന്നു. ചില ജിപിഎസ് ഉപഗ്രഹങ്ങള് സംപ്രേക്ഷണം ചെയ്യുന്ന സമയത്തില് 13 മൈക്രോസെക്കന്ഡിന്റെ വ്യത്യാസം കണ്ടിരുന്നു. സമയവ്യത്യാസം ഇത്ര ചെറുതാണെങ്കിലും അത് വലിയ പ്രശ്നങ്ങള് സൃഷ്ടിച്ചു.
ജിപിഎസ് ഉപഗ്രഹങ്ങളിലൊന്നായ SVN 23 നെ ആ ശൃംഖലയില്നിന്ന് ഒഴിവാക്കിയപ്പോഴാണ് പ്രശ്നങ്ങള് തുടങ്ങിയതെന്ന്. ജിപിഎസ് ശൃംഖലയുടെ നിയന്ത്രണം കൈയാളുന്ന യു.എസ്. വ്യോമസേന അറിയിച്ചു. 12 മണിക്കൂര് നീണ്ട പ്രശ്നത്തിലേക്കാണ് അത് നയിച്ചതെന്ന്, ക്രോണോസ് മേധാവി പ്രൊഫ.ചാള്സ് കറി അറിയിച്ചു.
സമയകൃത്യത ടെലകോം കമ്പിനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അവരുടെ നെറ്റ്വര്ക്കുകളില് ഡേറ്റ കൈമാറ്റം നിയന്ത്രിക്കുന്നതിന് സമയകൃത്യത കൂടിയേ തീരൂ-പ്രൊഫ.കറി പറഞ്ഞു.
ഉദാഹരണത്തിന് ഒരു ടെലഫോണ് വിളിയിലെ ബൈറ്റുകളും ബിറ്റുകളും ജിപിഎസ് ഉപഗ്രഹ സിഗ്നലുകളുമായി സിങ്ക്രണൈസ് ചെയ്യപ്പെടുകയാണ് ചെയ്യുക. അതിനാല് സമയകൃത്യത ഇല്ലാതായാല് എല്ലാം തകരാറിലാകും.
13 മൈക്രോസെക്കന്ഡ് വ്യത്യാസം ജിപിഎസ് ഉപഗ്രഹങ്ങള് കാട്ടിയപ്പോള്, ലോകമെമ്പാടുമുള്ള കമ്പനികളില് ആയിരക്കണക്കിന് സിസ്റ്റം വാര്ണിങ്ങുകള്ക്ക് അതിടയാക്കി.
SVN 23 ഉപഗ്രഹം ഒഴിവാക്കിയ വേളയില് തന്നെ ‘ഗ്ലോബല് പൊസിഷനിങ് സിസ്റ്റം ഗ്രൗണ്ട് സോഫ്റ്റ്വേറി’ല് ഒരു പ്രശ്നം കണ്ടിരുന്നുവെന്ന് യു.എസ്.വ്യോമസേന പറയുന്നു. പക്ഷേ, എന്തായിരുന്നു കുഴപ്പമെന്ന് വെളിപ്പെടുത്താന് അവര് കൂട്ടാക്കിയിട്ടില്ല.