ന്യൂസീലൻഡിലേക്ക് കേരളത്തിൽനിന്നു നേരിട്ടു പറക്കാൻ‌ വിമാനമെത്തുന്നു. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ന്യൂസീലൻഡ് സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഇരുരാജ്യങ്ങളും ഒപ്പിട്ട വിമാന സർവീസ് കരാർ ഉടൻ പ്രാബല്യത്തിലാകുമ്പോൾ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു നഗരങ്ങളിൽനിന്നു വിമാന സർവീസുണ്ടാകും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവയാണ് ന്യൂസീലൻഡിലേക്കുള്ള വിമാനം പറക്കാൻ പോകുന്ന മറ്റു താവളങ്ങൾ.

കരാർ നിലവിൽ വന്നതിനാൽ എത്രയും വേഗം വിമാനക്കമ്പനികളുമായി ചർച്ച നടത്തി സർവീസ് ആരംഭിക്കുമെന്ന് ന്യൂസീലൻഡ് ഗതാഗത മന്ത്രി സൈമൺ ബ്രിജസ് പറഞ്ഞു. ടൂറിസം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്നതാകും ഏഴു നഗരങ്ങളിലേക്കുമുള്ള വിമാന സർവീസ്. കഴിഞ്ഞ സാമ്പത്തിക വർഷം ന്യൂസീലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് 52,000 പേരും തിരികെ 60,000 പേരുമാണ് സന്ദർശനം നടത്തിയത്.

ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള ന്യൂസീലൻഡിന്റെ പിന്തുണ നേടുകയും വിമാന സർവീസ് ആരംഭിക്കുകയുമാണ് ഇന്ത്യയുടെ മുഖ്യ ലക്ഷ്യങ്ങൾ.

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള ന്യൂസീലൻഡ്, അവരുടെ നൂതന ഉൽപനങ്ങൾ വൻ തോതിൽ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിന് സ്വതന്ത്ര വിപണന കരാർ എത്രയും വേഗം പ്രാബല്യത്തിലാക്കണമെന്നുള്ള ആവശ്യത്തിലാണ്. ചൈനയുമായാണ് ഇപ്പോൾ ന്യൂസീലൻഡ് ഏറ്റവും കൂടുതൽ ചരക്കു വിപണനത്തിലേർപ്പെട്ടിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം പതിൻമടങ്ങ് വർധിക്കുന്നതിന് സന്ദർശനം ഉപകരിച്ചതായി കരാർ ഒപ്പിടൽ ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. ന്യൂസീലൻഡുമായുള്ള ക്രിക്കറ്റിലെ സൗഹൃദം മറ്റെല്ലാ മേഖലകളിലേക്കും വ്യാപിക്കുകയാണ്.

ലോകം മുഴുവൻ സാമ്പത്തികമായി തളർന്നപ്പോഴും പിടിച്ചു നിൽക്കാൻ കഴിഞ്ഞ ന്യൂസീലൻഡ് ഒട്ടേറെ കാര്യങ്ങളിൽ ലോകത്തിനു മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here