ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വാക്കുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( കൃത്രിമ ബുദ്ധി). ഫെയ്സ്ബുക്ക് മേധാവി സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല എന്നിവരെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്നാലെയാണ്. ഈ മേഖലയിൽ മൈക്രോസോഫ്റ്റ് നേരത്തെ തന്നെ വ്യക്തമായ നീക്കം നടത്തികഴിഞ്ഞു. പിച്ചൈയും സക്കർബർഗും അവരുടെ പുതിയ പദ്ധതികളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉൾപ്പെടുത്തിയിട്ടുണ്ട്. നാളത്തെ ലോകം കംപ്യൂട്ടറുകൾക്കും സ്മാർട്ഫോണുകൾക്കും പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിവൈസുകളുടേതായിരിക്കും എന്നാണ് സുന്ദർ പിച്ചൈ പറഞ്ഞത്. മനുഷ്യൻ ജോലികൾ കുറച്ച് അതെല്ലാം യന്ത്രങ്ങളെ ഏൽപിക്കുക. അതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഒരു പോരാട്ടമായിരിക്കും അത്. വൻകിടി കമ്പനികൾ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിവൈസുകൾ കൊണ്ടുവരുന്നതോടെ നാളത്ത ദിനം നേട്ടങ്ങളുടേതോ ദുരന്തങ്ങളുടേതോ ആയിരിക്കാം.

കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍വരിക മനുഷ്യരാശിയെ തകര്‍ക്കാനെത്തുന്ന യന്ത്രങ്ങളുമായുള്ള യുദ്ധമായിരിക്കും. സയന്‍സ് ഫിക്ഷന്‍ കഥകളിലൂടെയും സിനിമകളിലൂടെയും പ്രചരിച്ചുറച്ചുപോയ സങ്കല്‍പം മാത്രമാണ്. ഇപ്പോള്‍ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറിയും കുറഞ്ഞുമുള്ള സാന്നിധ്യമുണ്ട്. പലകാര്യങ്ങളിലും നമ്മെ സഹായിക്കുന്ന ആപ്പുകളായ അലെക്‌സ, കോര്‍ട്ടാന, സിരി തുടങ്ങി സ്വയം ഓടിക്കുന്ന കാറുകള്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉദാഹരണങ്ങളാണ്.

1956ലാണ് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദപ്രയോഗമുണ്ടായത്. തീരുമാനങ്ങളെടുക്കുന്നതിനും സംസാരം മനസിലാക്കുന്നതിനും ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകള്‍ക്കും പ്രാപ്തമായ യന്ത്രങ്ങളെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആദ്യഘട്ടങ്ങളില്‍ കഥകളിലും നോവലുകളിലും സിനിമകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ശ്രദ്ധേയമായ പുരോഗതി നേടിയത്.

ഐബിഎമ്മിന്റെ ഡീപ്പ് ബ്ലൂ കംപ്യൂട്ടര്‍ ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ തോല്‍പ്പിച്ചതായിരുന്നു മനുഷ്യന് മേല്‍ കംപ്യൂട്ടര്‍ നേടിയ ആദ്യത്തെ ശ്രദ്ധേയമായ വിജയം. ഇന്ന് കാണുകയും കേള്‍ക്കുകയും പ്രത്യേക വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ നിലവിലുണ്ട്. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൈകോര്‍ത്തു പിടിച്ച് ഭാവിയില്‍ വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക രംഗങ്ങളില്‍ അദ്ഭുതങ്ങള്‍ രചിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഏറെ വൈകാതെ വാഹനങ്ങള്‍ സ്വയം നിയന്ത്രിക്കുമെന്നും വീട്ടുജോലിക്കും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നതിനുമെല്ലാം റോബോട്ടുകള്‍ സാധാരണമാകുമെന്നും പല റിപ്പോര്‍ട്ടുകളുമുണ്ട്.

ഇവിടെയെല്ലാം പ്രധാന ചോദ്യമായി ഉയരുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് മാനവരാശിയുടെ ശത്രുവോ മിത്രമോ എന്നതാണ്. സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്‌സ്, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങി ലോകപ്രസിദ്ധര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യത മുന്‍കൂട്ടി പ്രവചിച്ചവരാണ്. ഇവരുടെ പ്രവചനങ്ങള്‍ ലോകത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്നതും സത്യമാണ്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് ഉപയോഗിച്ച് മനുഷ്യനിര്‍മ്മിത യന്ത്രങ്ങള്‍ എന്തെല്ലാം അദ്ഭുതങ്ങള്‍ ചെയ്താലും അടിസ്ഥാനപരമായി ഇവയെല്ലാം ബൈനറിയില്‍ നിര്‍മ്മിച്ച പ്രോഗ്രാമുകളായിരിക്കും. അതുകൊണ്ടു തന്നെ ഈ യന്ത്രങ്ങളെ മനുഷ്യര്‍ക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടുള്ള ഒന്നാവില്ലെന്നതാണ് പ്രധാന വാദം. അതേസമയം, അപരിചിതമായ സാഹചര്യങ്ങളില്‍ ഇവ എങ്ങനെ പെരുമാറും മനുഷ്യന്റെ നിര്‍ദ്ദേശങ്ങള്‍ തെറ്റായി എടുത്താലോ? സൈബര്‍ ആക്രമണത്തിലൂടെ ഇവയുടെ നിയന്ത്രണം നഷ്ടമായാലോ തുടങ്ങി നിരവധി ആശങ്കകളുമുണ്ട്. എന്നാല്‍ ഇവയെല്ലാം മറികടക്കാനുള്ള ശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കുണ്ടെന്നതാണ് ഇതിന് ഇവര്‍ നല്‍കുന്ന ഉത്തരം. തത്ക്കാലം കംപ്യൂട്ടറുകളും യന്ത്രമനുഷ്യരും നിയന്ത്രിക്കുന്ന ലോകം സങ്കല്‍പത്തില്‍ പോലും വേണ്ടെന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here