ഇടുക്കി: ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദര്‍ശക പാസ് എടുത്ത് ഡാമില്‍ കയറി 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയത്. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിച്ചു. ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോര്‍ട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. അതിനിടെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൃത്യമായി കാര്യങ്ങള്‍ അറിയാൻ കഴിയൂ എന്നാണ് പൊലീസിന്‍റെ നിലപാട്. ചെറുതോണി അണക്കെട്ട് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഡാം സേഫ്റ്റി അധികൃതര്‍ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് പിന്നിലെന്ന് മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോവുകയായിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തില്‍ പ്രാഥമികമായി പരിശോധന നടത്തി. ഇതിനുശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here