ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രസ്താവന ഇന്ത്യയെ പ്രകോപിപ്പിക്കാനല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് കാനഡ പുതിയ നിബന്ധനകള്‍ പുറത്തിറക്കി. അതേസമയം എന്‍ഐഎ സംഘത്തിന്‍റെ കാനഡ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ തീരുമാനമായി.

പ്രശ്നത്തോട് ഇന്ത്യ ശരിയായി പ്രതികരിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ വിശദീകരണം. ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളും കാനഡ പുറത്തിറക്കി. സുരക്ഷാ പ്രശ്നങ്ങളുടെ കാരണത്താല്‍ ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അതിനിടെ, പ്രധാനമന്ത്രി തെളിവുകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊളിവേര്‍ ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള പോര് വ്യാപാര ചര്‍ച്ചകളെ ബാധിക്കില്ലെന്ന് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായതോടെയാണ് എന്‍ഐഎ സംഘത്തിന്‍റെ കാനഡ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ഖലിസ്ഥാന്‍ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടത്താനാണ് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കാനഡയ്ക്ക് പോകാനിരുന്നത്. നേരത്തെ അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലെത്തി എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here