പ്രവാസികളെ നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി.എസ്.ചന്ദ്രശേഖര പിള്ള പഠന ഗവേഷണ കേന്ദ്രവും ചേർന്നു നടത്തുന്ന  ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിൽ പ്രവാസികൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും.


ഉന്നത വിദ്യാഭ്യാസ ഹബ് ആക്കാനുള്ള ശ്രമത്തിലും വിദേശ ജോലിക്കായി തൊഴിൽ വൈദഗ്ധ്യം വേണ്ട മേഖലകളിലും പ്രവാസികൾക്ക് സഹായിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞുകേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങൾ ഏവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. വലിയ വെല്ലുവിളികൾ നേരിടേണ്ടി വരാം. അതിനെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിക്കാൻ കഴിയണം. നാടിന്റെ ഒരുമയാണു കേരളത്തിന്റെ കരുത്ത്. പ്രവാസി വിഷയത്തിൽ കക്ഷി രാഷ്ട്രീയം കലർത്താൻ പാടില്ലെന്ന നിലപാട് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 



രാജ്യാന്തര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ്.രാമചന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി.പ്രസാദ്, എംഎൽഎമാരായ മാത്യു.ടി.തോമസ്, കെ.യു.ജനീഷ് കുമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി.എം.തോമസ് ഐസക്, സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, ജനറൽ.കൺവീനർ എ.പത്മകുമാർ, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, നോർക്ക റൂട്സ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, റോഷൻ റോയി മാത്യു, പോൾ കറുകപ്പളളിൽ, ഡോ. കലാസാഹി, ഡോ.സിദ്ദിഖ് അഹമ്മദ്, പി.വി.രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കോൺക്ലേവ് 21ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here