ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിന്റെ വിധി മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി ജനുവരി 22ന് പറയും.

ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി നൈസാം, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അനൂപ്, നാലാം പ്രതി മുഹമ്മദ് അസ്ലം, അഞ്ചാം പ്രതി സലാം പൊന്നാട്, ആറാം പ്രതി അടിവാരം അബ്ദുൽ കലാം, ഏഴാം പ്രതി സഫറുദ്ദീൻ, എട്ടാം പ്രതി മൻഷാദ്, ഒമ്പതാം പ്രതി ജസീബ് രാജ, പത്താം പ്രതി നവാസ്, പതിനൊന്നാം പ്രതി ഷമീർ, 12-ാം പ്രതി നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ. 156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏർപ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് 15 പേരാണ് വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here