കേരളത്തെ സൊമാലിയയുമായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഓൺലൈൻ പ്രതിഷേധം ശക്തമായി തുടരുന്നു. മോദിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ #pomonemodi ഹാഷ്ടാഗിൽ പ്രതിഷേധ കമന്റുകളുടെ പ്രളയാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ താഴെ 75 ശതമാനവും മോദിക്കെതിരായ വിമർശനമാണ്. മലയാളത്തിലും മംഗ്ലീഷിലും ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ വിമർശനം കാണാം.

മലയാളികൾ അങ്ങനെയാണ്. രാജ്യം, സ്വന്തം നാട്, ഇഷ്ടപ്പെട്ട താരങ്ങൾ അങ്ങനെ എന്തുമാകട്ടെ… ആരെ വിമർശിച്ചാലും വെറുതെ വിടില്ല. സച്ചിനെ വിമർശിച്ച മരിയ ഷറപ്പോവ, അമേരിക്കൻ പത്രങ്ങൾ, പാക്കിസ്ഥാൻ വെബ്സൈറ്റുകൾ എല്ലാവരും ഓൺൈലൻ മലയാളികളുടെ ശക്തി തിരിച്ചറിഞ്ഞവരാണ്.

അവസാനം കേരളത്തെ സൊമാലിയയോട് വിമർശിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളി ട്രോളിൽ കുടുങ്ങിയിരിക്കുന്നു. മൂന്നു ദിവസമായി ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും പ്രധാന ചർച്ച #PoMoneModi ഹാഷ്ടാഗാണ്. രാജ്യാന്തര മാധ്യമങ്ങളെ പോലും സംഭവം വാർത്തയാക്കാൻ പ്രേരിപ്പിച്ചത് തനി നാടൻ മലയാളം ഹാഷ്ടാഗാണ്. ബിബിസി അടക്കമുള്ള മാധ്യമങ്ങൾ #PoMoneModi വാർത്തയാക്കി.

സോഷ്യൽമീഡിയയിൽ താരമായ മോദി ഇതിനു മുൻപ് ഇതിലും വലിയ ആക്രമണം നേരിട്ടിട്ടുണ്ടാകില്ല. പുറത്തുവരാത്ത കണക്കുകളും വിമർശന കാർഡുകളും ഫെയ്സ്ബുക്കിൽ നിറ‍ഞ്ഞിരിക്കുകയാണ്. മോദിയെ വിമർശിക്കുന്ന കാര്യത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികളും സാധാരണക്കാരും സോഷ്യൽമീഡിയയിൽ ഒന്നിച്ചു. സമകാലിക വിഷയങ്ങളെ ട്രോളാക്കി ആഘോഷിക്കുന്നത് മലയാളികൾക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ തിര‍ഞ്ഞെടുപ്പ് സമയമായതിനാൽ മോദിയുടെ വാക്കുകൾ സോഷ്യൽമീഡിയ ആഘോഷിച്ചു എന്നു തന്നെ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here