തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സപ്തംബറില്‍ പുറത്തിറക്കും. സമ്പൂര്‍ണ മദ്യനിരോധനം എന്ന തത്വത്തിന് കടകവിരുദ്ധമായി പൂട്ടിയ ബാറുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുതിയ മദ്യനയത്തിലുണ്ടാകുമെന്ന് സൂചന. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു പുറമെ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണ് സാധ്യത.

വര്‍ഷംതോറും പത്തുശതമാനം ബിവറേജുകള്‍ അടച്ചുപൂട്ടണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയവും ഉപേക്ഷിക്കപ്പെടും. ഈ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പത്തുശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടത്. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ അതിനുമുമ്പ് മദ്യനയം പുതുക്കണം. അങ്ങനെയെങ്കില്‍ സപ്തംബര്‍ മാസത്തില്‍ തന്നെ പുതിയ മദ്യനയം സര്‍ക്കാരിന് കൊണ്ടുവരേണ്ടതുണ്ട്.

അധികാരമേറ്റ ദിവസം തന്നെ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് എതിര്‍പ്പുകള്‍ ഭയന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതില്‍ നിന്ന് പുറകോട്ടില്ലെന്ന് എക്‌സൈസ്മന്ത്രി ടി.പി. രാമകൃഷ്ണന്‍ കഴിഞ്ഞദിവസം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മദ്യനയം പുതുക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായും വകുപ്പുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിന്റെ ആദ്യപടിയായി ടൂറിസം രംഗത്ത് മുരടിപ്പുണ്ടെന്നും കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നുമുള്ള സര്‍വെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാന്‍ വിലക്കുള്ളതുകൊണ്ട് പല ചെറുകിട കോര്‍പ്പറേറ്റ് കമ്പനികള്‍ കേരളത്തില്‍ യോഗം ചേരാറില്ലെന്നും സര്‍വെയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ പറയുന്നു.

ഇത്തരത്തില്‍ സംസ്ഥാന ഖജനാവിലേക്കുള്ള ടൂറിസം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേരളത്തിലൊട്ടാകെ നടത്തിയ മറ്റൊരു സര്‍വെയുടെ അടിസ്ഥാനത്തില്‍ ബാറുകള്‍ തുറക്കണമെന്ന ശുപാര്‍ശ പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സൈസ് മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
ബാറുകളുടെ സമയക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വേണമെന്നാണ് പൊതുവെയുള്ള നിലപാട്.

ബാറുകള്‍ പൂട്ടിയതു മൂലം സംസ്ഥാനത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളൂടെ കുത്തൊഴുക്ക് തുടരുന്നതായും എക്‌സൈസ് വകുപ്പ് വാദിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മദ്യനയം പൊളിച്ചെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യഉപഭോഗത്തിനെതിരെ ബോധവത്കരണ മിഷന്‍ രൂപീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here