കേരളത്തില്‍ അക്രമവും കൊലയും നടക്കുന്നത്, സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികള്‍ തമ്മിലാണെന്ന് കെ.മുരളീധരൻ എം എൽ എ . കേന്ദ്ര ക്രൈംബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ഏറ്റവുമധികം രാഷ്ട്രീയ കൊല നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്.

എല്ലാ സംസ്ഥാനങ്ങളിലും ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. സി.പി.എം അധികാരത്തില്‍ വന്ന ശേഷം ആദ്യമായി കൊല്ലപ്പെട്ടത് സി.പി.എംകാരന്‍ തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലിസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കാനല്ല സി.പി.എം. ശ്രമിച്ചത്. മറിച്ച് തിരിച്ച് കൊലനടത്തി.കൊല ആരു നടത്തിയാലും കൊലയാണ്. അതില്‍ പാര്‍ട്ടി ഭേദമില്ല.മുഖ്യമന്ത്രിയായിട്ടും പിണറായി വിജയന് ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാഷയും അപ്രകാരം തന്നെയാണ് തുടരുന്നത് .
പിണറായി വിജയന്‍ ഇപ്പോഴും ഒരു മുഖ്യമന്ത്രിയായി മാറിയിട്ടില്ല. സമീപകാല പ്രശ്‌നങ്ങളിലുള്ള പിണറായിയുടെ ഇടപെടല്‍ ശരിയായ രീതിയിലായില്ലെന്നും ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു.

സര്‍ക്കാര്‍ പൂര്‍ണമായും ജനവിരുദ്ധമായി മാറിയിരിക്കുകയാണ്. കൂത്തുപറമ്പ് സമരവും രക്തസാക്ഷികളെയും എല്ലാം അവര്‍ മറന്നു. എങ്കിലും ചെയ്ത തെറ്റുകള്‍ തിരുത്തണം എന്നാണ് പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്.
സ്വാശ്രയ പ്രശ്‌നത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും ഇല്ലാതാക്കിയതാണ് ഇടതുപക്ഷത്തിനു പറ്റിയ തെറ്റ്. തുടങ്ങിയ വേളയില്‍ ഒരു മെഡിക്കല്‍ കോളജിലും പൂര്‍ണ സൗകര്യങ്ങളുണ്ടായിരുന്നില്ല. കാലക്രമേണ അതെല്ലാം സൗകര്യങ്ങള്‍ കൈവരിച്ചതാണ്.

ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ ഇതിന് ഉദാഹരണമാണ്. ഇക്കാര്യമൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. അതുകൊണ്ട് പല മെഡിക്കല്‍ കോളജുകളും ഇല്ലാതാവുന്ന അവസ്ഥയാണുണ്ടായത്. ഇത്തരം വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ് പ്രതികരിക്കുന്നത്.അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ ആത്മസംയമനം പാലിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടവരാണ് എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ യു.ഡി.എഫ് എം.എല്‍.എമാരെ ജനം തെരഞ്ഞെടുത്തത്, ഈ സര്‍ക്കാറിന് സ്തുതി പാടാനല്ല. മറിച്ച്, പ്രതിപക്ഷശബ്ദം ഉയര്‍ത്താനാണ്. അത് ഞങ്ങള്‍ നിര്‍വ്വഹിക്കും.
കാബിനറ്റ് ബ്രീഫിങ് അവസാനിപ്പിച്ചതുതന്നെ ശരിയായ നടപടിയല്ല. പാമോയില്‍ കേസിന്റെ കാലത്തും സോളാര്‍ കേസിന്റെ കാലത്തുപോലും കാബിനറ്റ് ബ്രീഫിങ് നടന്നിട്ടുണ്ട്. അത് ഇല്ലാതാക്കുകയാണ് പിണറായി ചെയ്തത്. ഇത്തരം കാര്യങ്ങളില്‍ നരേന്ദ്രമോദിയുടെ ശൈലിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. എതിര്‍ക്കുന്നവരെ അവഹേളിക്കുന്ന രീതിയാണ് അദ്ദേഹം നടത്തുന്നത്.

വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘര്‍ഷം മൂലം വര്‍ഗീയത രൂക്ഷമാവുകയും അത് മതനിരപേക്ഷ കക്ഷിയായ കോണ്‍ഗ്രസിനെതിരായ പൊതുനീക്കമാവുകയും ചെയ്യുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള മത്സരത്തിനിടയിലൂടെ ബി.ജെ.പി നുഴഞ്ഞുകയറുന്നത് തടയേണ്ടതുണ്ട്. രാജ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കക്ഷിരാഷ്ട്രീയം പരിഗണിക്കേണ്ടതില്ല. ഇന്ത്യക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്ന പാകിസ്താന് വ്യക്തമായ മറുപടി കൊടുക്കണം.

കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. ജനങ്ങള്‍ക്ക് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്ന പ്രവണതയാണ് കാണുന്നത്. ഇക്കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് ശരിയല്ല. ‘തല്ലുകൊടുക്കാനും തല്ലുവാങ്ങാനും ആരും കോടതിയില്‍ പോകണ്ട’ എന്ന വാചകത്തോടെ തികച്ചും ധിക്കാരത്തോടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചതെന്നും ഇതൊന്നും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതായില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here