ഇന്ത്യയ്ക്ക് വെളിയിൽ ഒരു ലോകമുണ്ട്.അവിടത്തെ പ്രവര്‍ത്തനങ്ങളും മാറ്റങ്ങളുമെല്ലാം കണക്കിലെടുത്ത് മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.

ഇന്നത്തെ സാഹചര്യത്തില്‍, കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന ബ്രിട്ടന്റെ യുറോപ്പിയന്‍ യൂണിയനില്‍ നിന്നുള്ള ‘വിരമിക്കലും’ അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ്.
800 ഇന്ത്യൻ കമ്പനികളാണ് ബ്രിട്ടൺ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നത്.ഓട്ടോമൊബൈൽ സെക്ടറിലുള്ള ടാറ്റ ഉൾപ്പെടെയുള്ള ഈ കമ്പനികളെ ബ്രക്സിറ്റ് മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയന്റേയും ബ്രിട്ടന്‍റെയും നികുതികളിലും വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങളിലും വരുന്ന മാറ്റങ്ങൾ ഓട്ടോമൊബൈൽ മേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കും.
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ലോകം കരകയറിവരുന്നതിനിടെയുള്ള ബ്രിട്ടന്‍റെ ഹിതം ആഗോളസാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. നാണയപ്പെരുപ്പം ഇന്ത്യയേ കടുത്ത സമ്മര്‍ദത്തിലാക്കിയേക്കാം. റിസര്‍വ് ബാങ്കിന്റെ യാഥാസ്ഥിതിക ധനനയം ഇത് കണക്കിലെടുത്താണ്. ഈ സാഹചര്യത്തിലും ആര്‍ബിഐ 25 ബേസിസ് പോയിന്റ്‌സ് കുറച്ചത് ആശ്വാസകരമായ വസ്തുതയാണ്. എന്നിരുന്നാലും, രാജ്യത്തെ വ്യാവസായിക ഉത്പാദനം ദിനംപ്രതി കുറഞ്ഞു വരികയാണ്. ജൂലൈയില്‍ 2.49 ശതമാനം കുറഞ്ഞ ഉത്പാദനം ഓഗസ്റ്റില്‍ 0.7% ആയി മാറി. ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ വന്ന നേരിയ വീഴ്ചയാണ് ഇതിന് കാരണമായത്. മറ്റൊരു മേഖലയില്‍, ഇന്ത്യയിലെ വൈദ്യുതി ഉത്പാദനം 0.1% വര്‍ധിക്കുകയും ഖനന നിരക്ക് 5.6% കുറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ നിക്ഷേപക മൂല്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുത്തന്‍ നിക്ഷേപകരെ ആകരഷിക്കുന്നതിനു വേണ്ടിയുള്ള ഉപഭോഗ കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വകാര്യ നിക്ഷേപക രംഗത്തെ മെല്ലെപോക്ക് നയങ്ങളും ആഗോള സാമ്പത്തിക വളർച്ചയും നമ്മുടെ ഉത്പാദന മേഖലയെ മോശമായി തന്നെ ബാധിച്ചിട്ടുണ്ട്.

അതേസമയം, പ്രതിസന്ധികളെമറികടക്കാന്‍ ഇന്ന് വരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഏറ്റവും മികച്ചതെന്നു മോദി സര്‍ക്കാര്‍ സ്വയം വിലയിരുത്തുന്ന ജിഎസ്ടി അടുത്ത കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എട്ടു ശതമാനത്തിലെത്തിക്കുമെന്ന് കരുത്തപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍നാണയപ്പെരുപ്പം ഇനിയുമുണ്ടാകമെന്നും വിലയിരുത്തലുകളുണ്ട്. അവസാനം പുറത്ത് വന്ന ജിഡിപി കണക്കുകള്‍ പ്രകാരം രാജ്യത്തെ വളര്‍ച്ച നിരക്കില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ജനുവരി- മാര്‍ച്ച് മാസത്തിലെ 7.9% ത്തില്‍ നിന്നും ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ അത് 7.1%മായി കുറഞ്ഞു.

ബ്രിട്ടൺ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകില്ലെന്ന് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉടനടി ഇന്ത്യക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ തന്ത്രപ്രധാന പങ്കാളിയെ കണ്ടത്തേണ്ടി വരും.കാരണം, നിലവില്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്ന ഉത്പാദനങ്ങളില്‍ 16.6% പോകുന്നത് യൂറോപ്യന്‍ യൂണിയനിലേക്കാണ്. അതില്‍ തന്നെ 3.4% ബ്രിട്ടനിലേക്കും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജി7 രാജ്യങ്ങിലെ ഉത്പാദനത്തില്‍ 50%ത്തോളം കുറവ് സംഭവിച്ചിട്ടുണ്ട്. 1995-05 കാലഘട്ടത്തില്‍ 2.5%മായിരുന്ന അമേരിക്കയുടെ ഉദ്പാദന വര്‍ധനവ് 2005ന് ശേഷം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇതേ കാലഘട്ടത്തില്‍ കാനഡയില്‍ ഉദ്പാദന വര്‍ധനവ് 1.5%ത്തില്‍ നിന്നും 0.75%ത്തിലേക്ക് കുറഞ്ഞു. ജര്‍മനിയിലും ഫ്രാന്‍സിലുമെല്ലാം ഇതേ അവസ്ഥ തന്നെയുണ്ടായി.

ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരു കാര്യമാണ് അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപ് നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യക്ക് ശുഭ സൂചനയല്ല. അതുകൊണ്ട് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പ് ജയിച്ചു അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയുടെ കച്ചവട-സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ തിരിച്ചടി നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here