വാട്ട്സാപ്പും ഫെയ്സ്ബുക്ക് മെസഞ്ചറും സ്കൈപ്പും സ്നാപ് ചാറ്റുമെല്ലാം തകർക്കുന്ന ഇന്റർനെറ്റ് ചാറ്റിങ് ലോകത്തേക്ക് യാഹൂവും എത്തുന്നു. അതും ഒരൊന്നൊന്നര ആപ്പുമായി–ലൈവ് ടെക്സ്റ്റ് എന്ന പുതിയ ആപ്പിന് യാഹൂ നൽകിയിരിക്കുന്ന വിശേഷണം തന്നെ ലൈവ് വിഡിയോ ടെക്സ്റ്റിങ് സാധ്യമാക്കുന്നത് എന്നാണ്. ചാറ്റിങ്ങിൽ വിഡിയോ ഉണ്ടെങ്കിൽ പിന്നെന്തിനാണ് ടെക്സ്റ്റിങ് എന്ന ചോദ്യം സ്വാഭാവികം. അവിടെയാണ് യാഹൂ വേറിട്ടു നിന്നത്. ലൈവ് ടെക്സ്റ്റിൽ വിഡിയോയുണ്ട്, പക്ഷേ ശബ്ദമില്ല. പരമ്പരാഗത ടെക്സ്റ്റ് ചാറ്റിങ്ങിന്റെ സിംപ്ലിസിറ്റിയും ഒപ്പം ലൈവ് വിഡിയോയുടെ ടെക്നോ ഗാംഭീര്യവും ഒരുമിപ്പിക്കുകയാണ് ലൈവ്ടെക്സ്റ്റ്.

കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കും മുൻപേ ആദ്യമേ പറയാം–ഈ ആപ്പ് നിലവിൽ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ ഹോങ് കോങ്, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പയറ്റിയ ലൈവ് ടെക്സ്റ്റ് വിജയമായതോടെ ഇനി അമേരിക്ക, യുകെ, കാനഡ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കൂടി ലഭ്യമാകും. ആപ്പിൾ ഐട്യൂൺസ്, പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.

yahoo livetext

യൂസറുടെ അനുമതിയോടെ മാത്രമേ ആപ്പിൽ ഒരാൾക്ക് മറ്റൊരാളെ സുഹൃത്തായി ചേർക്കാനാകൂ. ലൈവ്ടെക്സ്റ്റ് സെഷന് താൽപര്യമുണ്ടോയെന്ന് ചോദിച്ചിട്ടു വേണം ഇത് ആരംഭിക്കാൻ. താൽപര്യമെങ്കിൽ രണ്ടു പേർക്ക് പരസ്പരം വിഡിയോ വഴി കാണാനാകും. പക്ഷേ ശബ്ദമില്ല. മറിച്ച് യൂസറിന്റെ വിഡിയോയുടെ മുകളിൽ ടൈപ്പ് ചെയ്യാം, ഇമോജികൾ പോസ്റ്റ് ചെയ്യാം. (വേണമെങ്കിൽ ഇമോജിക്ക് പകരം നമുക്കുതന്നെ ചിരിക്കുകയുമാകാം.!!) മറ്റ് വിഡിയോ ചാറ്റിങ്ങുകളിലെല്ലാം ബഹളമൊന്നുമില്ലാത്ത ഏതെങ്കിലും സ്ഥലം കണ്ടെത്തിയാൽ മാത്രമല്ലേ ചാറ്റിങ് സാധ്യമാകൂ. എന്നാൽ പശ്ചാത്തലത്തിൽ എത്ര ശബ്ദമുണ്ടെങ്കിലും, എവിടെ വച്ച് വേണമെങ്കിലും പരസ്പരം കണ്ട് ചാറ്റ് ചെയ്യാമെന്നതാണ് ലൈവ് ടെക്സ്റ്റിന്റെ പ്രത്യേകത. നേരിട്ടു കാണുകയും അതേസമയം തന്നെ സന്ദേശങ്ങൾ അക്ഷരങ്ങളിലൂടെ കൈമാറുകയും ചെയ്യുന്നത് ഏതൊരു ബന്ധത്തെയും മികവുറ്റതാക്കുമെന്നും യാഹൂ അധികൃതർ പറയുന്നു. അത്തരമൊരു ‘ഇമോഷനൽ കണക്‌ഷൻ’ രൂപപ്പെടുത്താനാണ് ലൈവ് ടെക്സ്റ്റിന്റെ ശ്രമം. വിഡിയോ വേണ്ടെങ്കിൽ ടെക്സ്റ്റിങ്ങിനു മാത്രമുള്ള സൗകര്യവും ലൈവ്ടെക്സ്റ്റ് ഒരുക്കിയിട്ടുണ്ട്.

ലൈവ് ടെക്സ്റ്റ് വിഡിയോ ചാറ്റിങ്ങിൽ നിലവിൽ വൺ–ടു–വൺ സൗകര്യമേയുള്ളൂ, ഗ്രൂപ്പ് ചാറ്റിന് സംവിധാനമില്ല. എന്നാൽ ഭാവിയിൽ വന്നേക്കാമെന്നും യാഹൂ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഹാക്കർമാർക്കും മറ്റും അതിക്രമിച്ച് കടക്കാനുള്ള പഴുതുകളും ആപ്പിൽ അടച്ചിട്ടുണ്ട്. ചാറ്റിനിടയിൽ വിഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കില്ല. ആപ്പ് ക്ലോസ് ആകുന്നതോടെ വിഡിയോയും ഓട്ടമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. ഏതാനും വർഷം മുൻപ് യാഹൂ ഏറ്റെടുത്ത മെസേജ് മി എന്ന ചാറ്റ് സർവീസിനു സമാനമാണ് ലൈവ് ടെക്സ്റ്റ്.

ഏറെ പ്രശസ്തമായ യാഹൂ മെസഞ്ചർ നിർത്തലാക്കിയതിനു ശേഷം മേഖലയിലെ സജീവശക്തിയാകാനുള്ള കമ്പനിയുടെ ശ്രമം കൂടിയാണിത്. നിലവിൽ പരമാവധി യൂസർമാരെ ലൈവ് ടെക്സ്റ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. അതിനു ശേഷം മാത്രമേ സാമ്പത്തികമായ ലാഭത്തിനു ശ്രമിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ കോടിക്കണക്കിന് ഇന്റർനെറ്റ് മെസേജിങ്–വിഡിയോചാറ്റിങ് സേവനങ്ങൾക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലേക്കും വൈകാതെതന്നെ ലൈവ്ടെക്സ്റ്റ് എത്തുമെന്നത് ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here