ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഇന്ത്യകാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്റർനെറ്റ് ഭീമൻ ഗൂഗിള്‍. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ക്രമാതീതമായി വർധിച്ചതോടെ ഗൂഗിള്‍ പ്ലേ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇന്ത്യയിലെ ഉപയോക്താക്കളെ ഗൂഗിള്‍ പ്ലേയില്‍ കൂടുതല്‍ സജീവമാക്കാനും കൂടുതല്‍ ആപ്പുകളിലേക്ക് അവര്‍ക്ക് കടന്നുചെല്ലാനുള്ള അവസരമുണ്ടാക്കാനുമുള്ള ശ്രമത്തിലാണിപ്പോൾ ഗൂഗിള്‍.

ബിസിനസ് മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂട്ടാനുമുള്ള പുതിയ ക്യാംപയിനിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ 10 രൂപ മുതല്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിള്‍. ജനപ്രിയ ആപ്പുകളും ഗെയിമിങ് ആപ്പുകളും‍ തുച്ഛമായ നിരക്കില്‍ ലഭ്യമാക്കുന്നതോടെ സൗജന്യ ആപ്പുകള്‍ക്ക് ഒപ്പം ഇത്തരം പെയ്ഡ് ആപ്പുകളും കൂടുതല്‍ പേര്‍ ഉപയോഗിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.

പെയ്ഡ് ആപ്പുകളുടെ ഡവലപ്പർമാർക്കു വില കുറയ്ക്കാം. ഇൻ ആപ്പ് പ്രോഡക്ട്സിനും നിരക്കു കുറയ്ക്കാം. ഇത്തരം നടപടികൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഇടയിൽ പെയ്ഡ് ആപ്പുകളുടെ പ്രചാരം വർധിപ്പിക്കുമെന്ന് ഗൂഗിൾ പ്രോഡക്ട് മാനേജർ (ഗൂഗിൾ പ്ലേ) അലിസ്റ്റെയർ പോട്ട് ഗൂഗിൾ ഇന്ത്യ ബ്ലോഗിൽ അറിയിച്ചു.

കൂടാതെ ഗൂഗിളിന്റെ ഗിഫ്റ്റ് കാർഡ് സേവനം ഇന്ത്യയിലേക്കും എത്തിക്കാൻ പോകുകയാണ്. 500, 1,000, 1,500 രൂപയ്ക്കുള്ള ഗിഫ്റ്റ് കാർഡുകളാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമാകുക.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ തങ്ങളുടെ ആപ്പ് വില്‍ക്കുന്നതിനുള്ള മികച്ച വിപണിയാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. പുതിയ തീരുമാനം പണം നല്‍കി ആപ്പ് വാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഇതുവഴി മൊത്തത്തിലുള്ള വരുമാനത്തില്‍ കാര്യമായ മാറ്റം തന്നെ ഉണ്ടാകുമെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here