കൊച്ചി ∙ കശുവണ്ടി പരിപ്പിന്റെ വില രാജ്യാന്തര വിപണിയിൽ ഉയർന്ന തോതിൽ തുടരുന്നുവെങ്കിലും, ഇന്ത്യക്ക് നേട്ടമാകുന്നില്ല. കയറ്റുമതി അളവിലും മൂല്യത്തിലും കുറയുകയാണെന്ന്, നടപ്പ് സാമ്പത്തിക വർഷം ജൂലൈ വരെയുള്ള കണക്കുകൾ കാണിക്കുന്നു. തോട്ടണ്ടിക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിനാൽ രൂപയുടെ മൂല്യശോഷണം എത്രമാത്രം ഗുണകരമാകുമെന്നും കണ്ടറിയണം.കശുവണ്ടി കയറ്റുമതി വികസന കൗൺസിലിന്റെ കണക്കനുസരിച്ച് ഏപ്രിൽ മുതൽ ജൂലൈ വരെ കയറ്റുമതി 1584.51 കോടി രൂപ വിലവരുന്ന 31,864 ടണ്ണാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1613 കോടി രൂപയും 36,850 ടണ്ണും.

പരിപ്പിന്റെ വിലയാകട്ടെ, കിലോഗ്രാമിന് 441 രൂപയിൽനിന്ന്, ഈ കാലയളവിൽ 505.13 രൂപയായി ഉയരുകയും ചെയ്തു. വിയറ്റ്നാമിൽ നിന്നുള്ള കടുത്ത മൽസരമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജനുവരി – ജൂൺ കാലയളവിൽ അവർ ഒരു ലക്ഷം ടണ്ണിലേറെ കയറ്റുമതി ചെയ്തുകഴിഞ്ഞുവത്രെ. യന്ത്രവൽക്കരണത്തിന്റെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി, ഉൽപാദനച്ചെലവ് ഗണ്യമായി കുറച്ച് വിപണിയിൽ മൽസരിക്കാൻ വിയറ്റ്നാമിന് കഴിയുന്നു. ഇന്ത്യയുടെ പരമ്പരാഗത വിപണിയായ യൂറോപ്പിലെ സാമ്പത്തിക പ്രശ്നങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു.

പ്രതിവർഷം 4000 കോടിയിലേറെ രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന കശുവണ്ടി കയറ്റുമതി വ്യവസായത്തിന് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ കുറച്ചതും തിരിച്ചടിയായി. നൈജീരിയ, ഐവറി കോസ്റ്റ്, ഗിനി ബാസവോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ മുഖ്യമായും തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത്. ഈ രാജ്യങ്ങൾ സംസ്കരണത്തിന് ഊന്നൽ നൽകുന്നത്, തോട്ടണ്ടിയുടെ ലഭ്യത കുറയ്ക്കുന്നു. മാത്രമല്ല, വിയറ്റ്നാം സ്വന്തം ഉൽപാദനത്തിന് പുറമെ, തോട്ടണ്ടി ഇറക്കുമതി ചെയ്ത് സംസ്കരിച്ചും വിപണിയിലെത്തുന്നുണ്ട്.ഇന്ത്യയ്ക്ക് മൊത്തം ഉൽപാദനശേഷിയുടെ പകുതിയിലേറെയും ഉപയോഗപ്പെടുത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കണം.

തോട്ടണ്ടിയുടെ ഉൽപാദനത്തിലും സംസ്കരണത്തിനും കേരളത്തിനുണ്ടായിരുന്ന കുത്തക നഷ്ടമായി. മഹാരാഷ്ട്രയാണ് ഉൽപാദനത്തിൽ മുന്നിൽ. സംസ്കരണ കേന്ദ്രങ്ങളും ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. പ്രതിവർഷം 13 ലക്ഷം ടണ്ണോളമാണ് ഇന്ത്യയുടെ തോട്ടണ്ടി ഇറക്കുമതി. എന്നാൽ, കയറ്റുമതി ചെയ്യുന്നത് ഒന്നര ലക്ഷം ടൺ പരിപ്പും. ജനങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെട്ടതോടെ, കശുവണ്ടി പരിപ്പിന്റെ ഉപയോഗം കൂടി. നല്ല വില കിട്ടുന്നതിനാൽ, ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ വ്യവസായികൾ താൽപര്യമെടുക്കുന്നു.നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ ഇറക്കുമതി ചെയ്തത് 1,56,568 ടൺ തോട്ടണ്ടിയാണ്.

ഇതിനു ചെലവ് 1313.93 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,41,816 ടണ്ണും 894.95 കോടി രൂപയും. ശരാശരി വില കിലോഗ്രാമിന് 63.11 രൂപയിൽനിന്ന് 83.92 രൂപയിലേക്ക് ഉയർന്നു. ലഭ്യതക്കുറവ് മൂലം വില 100 രൂപയ്ക്കടുത്തേക്ക് ഇതിനകം ഉയർന്നുവെന്ന് കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയുമായ കെ. ശശിവർമ പറഞ്ഞു.

രൂപയുടെ മൂല്യശോഷണം കയറ്റുമതി വരുമാനത്തിൽ വർധനയുണ്ടാക്കിയാലും ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയർത്തും. അസംസ്കൃത വസ്തുക്കൾക്ക് വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ട വ്യവസായങ്ങൾക്കെല്ലാം ഇത് അമിത ഭാരം വരുത്തിവയ്ക്കും. കശുവണ്ടി പരിപ്പിന്റെ ഇറക്കുമതിയും കൂടുന്നുവെന്നതും വ്യവസായത്തിനു ഭീഷണിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here