കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊളിപ്പിച്ച കത്തുകളുടെയും പോസ്റ്റ് കാർഡുകളുടെയും കാലത്തുനിന്ന് തപാൽ വകുപ്പ് ഏറെ മുന്നോട്ടുപോയി. ഓൺലൈൻ വിപണിയിലേക്കും ബാങ്കിങ് രംഗത്തേക്കുമൊക്കെ ചുവടുവയ്ക്കാനൊരുങ്ങി ന്യൂജെൻ വേഷമണിയുന്ന തപാൽ വകുപ്പ് ഇപ്പോഴിതാ ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരായ കർഷകരിലെത്തിക്കാൻ മുൻകയ്യെടുക്കുന്നു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇന്റർനെറ്റ് വഴി വിൽക്കാനാണു തപാൽ വകുപ്പ് സഹായം ചെയ്യുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കുന്ന പദ്ധതി വിജയിച്ചാൽ രാജ്യമെങ്ങും വ്യാപിപ്പിക്കാനാണു തപാൽ വകുപ്പിന്റെ തീരുമാനം. പുതിയ പദ്ധതിയിലൂടെ കർഷകർക്ക് നെല്ല്, പരുത്തി തുടങ്ങി ഏത് ഉൽപന്നവും ഓൺലൈൻ വഴി വിറ്റഴിക്കാം.

കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ഓഫിസിൽ എത്തിക്കുക മാത്രമേ വേണ്ടൂ. പോസ്റ്റ് മാസ്റ്റർ ഉൽപന്നത്തിന്റെ ചിത്രം സഹിതം തപാൽ വകുപ്പ് തയാറാക്കുന്ന വെബ്സൈറ്റിൽ നിശ്ചിത മാതൃകയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യും. ഉൽപന്നങ്ങളുടെ ചിത്രം പകർത്താൻ പോസ്റ്റ് മാസ്റ്റർമാർക്കു സ്മാർട് ഫോണുകളും തപാൽ വകുപ്പ് നൽകും. വിൽപന നടത്തുന്ന കർഷകർക്ക് ഈ സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും. ഓൺലൈൻ വഴി ഉൽപന്നങ്ങൾ ഓർഡർ ചെയ്യുന്നവർ ഒരു ചെറിയ തുക സർവീസ് ചാർജായി നൽകേണ്ടി വരും. പുതിയ പദ്ധതി വഴി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ സൗജന്യമായി ആഗോള വിപണിയെത്തിക്കാമെന്നതിനു പുറമേ, ചന്തകളിലും മറ്റും വിൽപനയ്ക്കു കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ഗതാഗതച്ചെലവും ലാഭിക്കാനാകും. തപാൽ വകുപ്പിന്റെ വിസ്തൃതമായ വിതരണ ശൃംഖല ഉപയോഗിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉൽപന്നങ്ങൾ എത്തിക്കാമെന്നതിനാൽ ഈയിനത്തിൽ വകുപ്പിനു കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കാമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ക്യാംപയിന്റെ ഭാഗമായി ഇന്റർനെറ്റ് സാക്ഷരതയിൽ മുന്നേറാൻ ശ്രമിക്കുന്ന സംസ്ഥാനമെന്ന നിലയിലാണു തെലങ്കാനയെ പദ്ധതിയുടെ പരീക്ഷണ സ്ഥലമായി തിരഞ്ഞെടുത്തത്. എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനും കുടുംബത്തിൽ ഒരാൾക്കെങ്കിലും ഇന്റർനെറ്റ് സാക്ഷരത ലഭ്യമാക്കാനുള്ള ഡിജിറ്റൽ തെലങ്കാന പ്രോജക്ടുമായി ബന്ധിപ്പിച്ച് കാർഷിക വിളകളുടെ ഓൺലൈൻ വിപണനം സാധ്യമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഭാവിയിൽ, പോസ്റ്റ് ഓഫിസിൽ പോകാതെ കർഷകർക്കു വീട്ടിലിരുന്ന് സ്വന്തം കാർഷിക ഉൽപന്നങ്ങൾ ഓൺലൈൻ വഴി കൂടുതൽ ലാഭത്തിൽ വിറ്റഴിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here