ന്യുയോർക്ക് : 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഇന്ത്യൻ അമേരിക്കൻ വംശജയും, യുഎൻ മുൻ യുഎസ് അംബാസിഡറുമായ നിക്കി ഹേലിയെ മത്സരിപ്പിക്കണമെന്ന അമേരിക്കയിലെ ടെലി ഇവാഞ്ചലിസ്റ്റും, ട്രംപിന് ശക്തമായ പിന്തുണ നൽകിയിരുന്ന വ്യക്തിയുമായ പാറ്റ് റോബർട്ടൻസ് ആവശ്യപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജൊ ബൈഡന് അധികാരം കൈമാറുന്നതിന് പകരം ട്രംപ് സ്വീകരിച്ച നടപടികളെ പിന്തുണക്കാനാവില്ലെന്ന് പാറ്റ് പറഞ്ഞു. ടെലിവിഷൻ ഷോയിലാണ് തന്റെ വ്യക്തിപരമായ അഭിപ്രായം അദ്ദേഹം വെളിപ്പെടുത്തിയത്.

2024 ൽ ട്രംപ് മത്സരിക്കുകയാണെങ്കിൽ അത് തെറ്റായ തീരുമാനമാകുമെന്നും താൻ രൂപീകരിച്ച 700 ക്ലബിന്റെ പിന്തുണയും സാമ്പത്തിക സഹായവും നൽകുക നിക്കിക്കായിരിക്കുമെന്നും പാറ്റ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു ട്രംപ് ചെയ്ത ട്രംപ് ചെയ്ത സേവനം സ്തുത്യർഹമാണ്. ഭരണതലത്തിൽ ട്രംപുമായി വിയോജിപ്പു പ്രകടിപ്പിച്ചവരെ പിരിച്ചുവിട്ട നടപടി ശരിയല്ല. ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്താകമാനം അക്രമണങ്ങളും പ്രകടനങ്ങളും പൊട്ടിപുറപ്പെട്ടപ്പോൾ അവരുടെ വികാരത്തെ മാനിക്കാതെ ട്രംപ് അതിനെ അവഗണിച്ചതും പ്രതിഷേധാർഹമായിരുന്നുവെന്നും പാറ്റ് ചൂണ്ടികാട്ടി.

ആവശ്യത്തിലധികം ഇലക്ട്രറൽ വോട്ടുകൾ നേടിയ ജൊബൈഡന്റെ വിജയം അംഗീകരിച്ചു, ബൈഡനെ അഭിനന്ദിക്കാൻ തയാറാകണമെന്നും ടെലി പ്രഭാഷണത്തിൽ പാറ്റ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here