വാഷിങ്‌ടൺ: അമേരിക്കൻ കോൺഗ്രസിൽ കോവിഡ്‌ ആശ്വാസ പാക്കേജ്‌ വർധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ തർക്കം തുടരുന്നതിനിടെ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസിയുടെയും സെനറ്റ്‌ ഭൂരിപക്ഷ നേതാവ്‌ മിച്ച്‌ മക്കോണലിന്റെയും വീടുകൾക്ക്‌ നേരെ ആക്രമണം. സഭാ നായികയായ നാൻസിയുടെ സാൻഫ്രാൻസിസ്‌കോയിലെ വീടിന്റെ ഗാരേജ്‌ വാതിലിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അജ്ഞാതൻ(ർ) പെയിന്റ്‌ കൊണ്ട്‌ മുദ്രാവാക്യങ്ങൾ എഴുതിയത്‌. നടപ്പാതയിൽ പന്നിയുടെ തല വച്ചിരുന്നു. ചോരയെന്ന്‌ തോന്നിപ്പിക്കാൻ ചുവന്ന ചായവും പ്രയോഗിച്ചിരുന്നു.

സെനറ്റ്‌ നായകൻ മക്കോണലിന്റെ ലൂയിവില്ലിലെ വസതിയുടെ ചുവരിലാണ്‌ പെയിന്റ്‌ കൊണ്ട്‌ മുദ്രാവാക്യം എഴുതിയത്‌. ‘ഞങ്ങളുടെ പണമെവിടെ’ എന്ന ചോദ്യവും ഉണ്ടായിരുന്നു. കോവിഡ്‌ സഹായം 600ൽ നിന്ന്‌ 2000 ഡോളറാക്കാനുള്ള നിർദേശത്തെ മക്കോണൽ അടക്കം റിപ്പബ്ലിക്കന്മാർ തള്ളിയിരുന്നു. എന്നാൽ 80 റിപ്പബ്ലിക്കന്മാരുടെ കൂടി പിന്തുണയോടെ പ്രതിനിധിസഭ ഈ ആവശ്യം അംഗീകരിച്ചിരുന്നു.

ഇതിനിടെ അമേരിക്കയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം രണ്ട്‌ കോടി കഴിഞ്ഞു. മരണസംഖ്യ ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കനുസരിച്ച്‌ മൂന്നര ലക്ഷം കടന്നു. വേൾഡോമീറ്റർ കണക്കനുസരിച്ച്‌ അമേരിക്കയിലെ മരണസംഖ്യ 3.60 ലക്ഷത്തോളമായി. ശനിയാഴ്‌ചയും മരണസംഖ്യ 2100 കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here