കാര്‍ഷിക നിയമം പുന:പരിശോധിക്കാന്‍ സുപ്രിം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്എയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച സുപ്രിംകോടതി കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയും നിയമം പരിശോധിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവലാതികളും സര്‍ക്കാരിന്റെ വീക്ഷണങ്ങളും കമ്മിറ്റി ശ്രദ്ധിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുമെന്നാണ് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ വിദഗ്ദ സമിതിയില്‍ കോടതി നിയോഗിച്ച അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും അവര്‍ പൊതുജനത്തിന് മുന്‍പില്‍ നിയമങ്ങളെ ന്യായീകരിക്കുകയാണെന്നും പറഞ്ഞ കര്‍ഷകര്‍ സമിതിയെ നിഷേധിച്ചു. കാര്‍ഷിക നിയമങ്ങളിലെ ഏതെങ്കിലും രീതിയിലുള്ള നേര്‍പ്പിക്കല്‍, വളര്‍ന്നുവരുന്ന ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തടയുമെന്ന് സമിതി അംഗമായ ഡോ. പര്‍മോദ് കുമാര്‍ ജോഷി  ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ വിദഗ്ധരില്‍ നിന്ന് കര്‍ഷകര്‍ക്ക് എന്ത് പ്രതീക്ഷിക്കാമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇന്നും ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാണോ എന്ന് ചിന്തിച്ചു പോകുന്ന അവസരമാണിതെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ പരാമര്‍ശിച്ചു. കാര്‍ഷിക നിയമങ്ങള്‍ കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരായ പൊതുവായ ആക്രമണത്തില്‍ മോഡി ഗവണ്‍മെന്റിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ പണയമായി കോടതി മാറുകയാണ് ചെയ്തത്. സുപ്രീംകോടതിയെ ഒരു രാഷ്ട്രീയ കവചമായി ദുരുപയോഗം ചെയ്ത മോദി സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമാണെന്നും കര്‍ഷകര്‍ ആരോപിച്ചു. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്ന് ഒരു കര്‍ഷക യൂണിയന്റെ നേതാവായ ബല്‍ബീര്‍ സിംഗ് രാജേവാള്‍ പറഞ്ഞിരുന്നു.

കര്‍ഷകര്‍ക്ക് ഇനിയും ഡല്‍ഹിക്ക് ചുറ്റും കുത്തിയിരുപ്പ് സമരം നടത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു വേണം കരുതാന്‍. ഈ മാസം അവസാനം തലസ്ഥാനനഗരിയില്‍ ട്രാക്ടര്‍ മാര്‍ച്ച് സംഘടപ്പിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരത്തിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന സര്‍ക്കാര്‍ ആരോപണം അപമാനകരമാണ്. ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തിന്‍ കീഴില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ ‘ദേശവിരുദ്ധര്‍’ എന്ന പരാമര്‍ശം ഉണ്ടായത് വളരെയധികം ആശങ്കാജനകവുമാണ്.

മറ്റ് നിരവധി എന്‍ആര്‍ഐ സംഘടനകളുമായി ചേര്‍ന്ന് സ്വാതന്ത്ര്യത്തിനും ജീവിതരീതിക്കും വേണ്ടി പോരാടി മരണപ്പെട്ട അമ്പതോ അതില്‍ കൂടുതലോ കര്‍ഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം സമരം തുടരുന്ന ഇന്ത്യയിലെ കര്‍ഷകരുടെ മനോഭാവത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുവെന്നും യുഎസ്എയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here