പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ യു.എസിലെമ്പാടും ശക്തമായ പ്രതിഷേധം ഉയരുകയാണ്. കാപ്പിറ്റോൾ കലാപത്തിൽ തുടങ്ങിയ വിവാദങ്ങൾ ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികളിൽ വരെ എത്തി നിൽക്കുകയാണ്. ഇതിനിടെ ‘ ഹോം എലോൺ 2 : ലോസ്റ്റ് ഇൻ ന്യൂയോർക്ക് ‘ എന്ന സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രത്തിൽ ട്രംപ് അതിഥിവേഷത്തിലെത്തുന്ന ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡായിരിക്കുകയാണ്.ലോകമെമ്പാടും നിരവധി ആരാധകരുള്ള സിനിമാ പരമ്പരായാണ് ഹോം എലോൺ. പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ ‘ ഹോം എലോൺ 2 : ലോസ്റ്റ് ഇൻ ന്യൂയോർക്ക് ‘ 1992ലാണ് പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ആഢംബര ഹോട്ടലുകളിൽ ഒന്നായ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു. അന്ന് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു പ്ലാസ ഹോട്ടൽ. സിനിമയിൽ ചെറിയ ഒരു സീനിൽ നായകൻ മക്കോളി കൽകിന് മുന്നിൽ ട്രംപ് പ്രത്യക്ഷപ്പെടുന്നുണ്ട്.ചിത്രത്തിൽ പത്ത് വയസുകാരനായ കെവിൻ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മക്കോളി കൽകിൻ അവതരിപ്പിച്ചത്. ചിത്രത്തിൽ പ്ലാസ ഹോട്ടലിലെത്തിയ കെവിൻ ഹോട്ടൽ ലോബി എവിടെയാണെന്ന് ചോദിക്കുന്നത് ട്രംപിനോടാണ്. ട്രംപ് മറുപടി നൽകിയ ശേഷം ഇരുവരും നടന്നകലുന്നു.ട്രംപിനെ ഇംപീച്ച് ചെയ്തതോടെ ട്വിറ്ററിൽ ഹോം എലോണിലെ ട്രംപിന്റെ സീനിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ട്രോളുകളും പ്രതിഷേധവും നിറയുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിന്റെ സീൻ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുകയോ അല്ലെങ്കിൽ ട്രംപിനെ സീനിൽ നിന്ന് ഡിജിറ്റലായി ഒഴിവാക്കണമെന്നോ ആണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.ചിലരാകട്ടെ സീനിൽ നിന്ന് ട്രംപിനെ എഡിറ്റ് ചെയ്ത് നീക്കിയ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മറ്റൊരു രസകരമായ കാര്യമെന്തെന്നാൽ, ആരാധകരുടെ ആവശ്യങ്ങൾക്ക് പിന്തുണയുമായി ചിത്രത്തിലെ നായകനായിരുന്ന മക്കോളി കൽകിൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ട്രംപിനെ എഡിറ്റ് ചെയ്ത് നീക്കിയ ഒരു വീഡിയോയ്ക്ക് കൽകിൻ അഭിനന്ദനം അറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഹോം എലോൺ കൂടാതെ ഏതാനും ചില ഹോളിവുഡ് ചിത്രങ്ങളിലും ട്രംപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here