സ്വന്തം ലേഖകൻ

വടകര : വോട്ട് മാത്രം ലക്ഷ്യമിട്ട് ആരുമായും കൂട്ടുകൂടാനുള്ള നീക്കം വലിയ തിരിച്ചടിക്ക് കാരണമാവുമെന്ന് വടകര എം പിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ ആരോപിച്ചു. അന്തരിച്ച മാധ്യമപ്രവർത്തകൻ ഐ വി ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണ തുടർച്ചയ്ക്ക് വേണ്ടി കേരളത്തിൽ എന്തും ചെയ്യാമെന്നാണ് സി പി എമ്മിന്റെ രീതി. എന്നാൽ ത്രിപുരയിൽ സംഭവിച്ചതുപോലെ വലിയ തിരിച്ചടിയായിരിക്കും കേരളത്തിലെ സി പി എമ്മിനുണ്ടാവുകയെന്ന് കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചറിയുന്നില്ല. കോൺഗ്രസിനെ നശിപ്പിക്കുകമാത്രമാണ് സി പി എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ വർഗീയ ശക്തികൾ ശക്തിപ്രാപിക്കാൻ അത് കാരണമാവും. അതിതീവ്രവർഗീയ ശക്തികൾ ഒഴികെ ജനാധിപത്യ സ്വഭാവം പുലർത്തുന്ന ഏത് ശക്തികളുമായും കൂട്ടുകൂടാം, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല. ഇന്ന് ശത്രുക്കളായി കഴിയുന്നവർ നാളെ മിത്രങ്ങളാവുന്നതാണ് രാഷ്ട്രീയം.എന്നാൽ പ്രഖ്യാപിത നയങ്ങളുമായി ഒരിക്കലും ചേരാൻ പാടില്ലാത്തവരുമായി സി പി എം സഖ്യങ്ങളുണ്ടാക്കുന്നത് അവർക്ക് ഭാവിയിൽ വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുകയെന്നും മുരളീധരൻ ആരോപിച്ചു.

നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത പത്രപ്രവർത്തകനായിരുന്നു ഐ വി ബാബു. സി പി എമ്മിലെ തെറ്റായ പ്രവരണതയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചതിന്റെ പേരിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു, എന്നിട്ടും ജീവിതത്തിന്റെ അവസാനഘട്ടംവരെ ശക്തമായി ഉറച്ചു നിൽക്കാൻ ഐ വി ബാബു കഴിഞ്ഞു.
 

എൻ വേണു അധ്യക്ഷം വഹിച്ചു. എം എം സോമശേഖരൻ, ടി എൻ സന്തോഷ്, കെ എസ് ഹരിഹരൻ, കെ പി ചന്ദ്രൻ, വി ടി മുരളി, സി കെ വിജയൻ, പ്രദീപ് ചോമ്പാല, വി കെ സുരേഷ് എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന സുഹൃദ്‌സമ്മേളനം സമ്മേളനം പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ പി രാജേന്ദ്രൻ അധ്യക്ഷം വഹിച്ചു.
രാജേഷ് തില്ലങ്കേരി, കെ എസ് ഹരിഹരൻ,  ഡോ സ്മിത പി കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here