ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ 100 ദശലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കൂടി അധികമായി വാങ്ങുമെന്ന് യുഎസ്. ആദ്യം വാങ്ങിയ ഡോസുകള്‍ക്ക് പുറമേ 100 ദശലക്ഷം ഡോസ് കൂടി അധികമായി വാങ്ങുന്നതിന് പ്രസിഡന്റ് ബൈഡന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ടീമിന് നിര്‍ദ്ദേശം നല്‍കുമെന്ന് ബൈഡന്റെ കൊറോണ വൈറസ് പ്രതികരണ സംഘത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റ് പ്രസ്മീറ്റില്‍ പറഞ്ഞു.

സിംഗിള്‍ ഷോട്ട് കോവിഡ് വാക്‌സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റേത്. മറ്റ് വാക്‌സിനുകള്‍ ഒരു ഡോസ് സ്വീകരിച്ച് ഒരു മാസത്തിന് ശേഷം വീണ്ടും രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. അതേ സമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ മതിയാകും.

നിലവില്‍ ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് നല്‍കുന്നത്. മെയ് അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാണ് ബൈഡന്റെ ലക്ഷ്യമെങ്കിലും 2021ന്റെ പകുതിയോടെ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് കരുതുന്നത്. 260 ദശലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ വാക്‌സിന്‍ നല്‍കേണ്ടത്. 91 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഇതിനകം ഒരു ഡോസ് എങ്കിലും വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും 32 ദശലക്ഷം പേര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും സ്ലാവിറ്റ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here