നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ അഫ്ഗാനില് ഭീകരരെ വാഴിക്കില്ലെന്ന ഉറച്ച തീരുമാനവുമായി അമേരിക്ക. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നത് വിപത്തായിത്തീരുമെന്ന് കഴിഞ്ഞ ദിവസം നാറ്റോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഫ്ഗാനിലെ ഭീകരരുടെ മുഴുവന്‍ നാശവും കണ്ടേ അടങ്ങൂവെന്ന തീരുമാനവുമായി അമേരിക്ക മുന്നോട്ടുനീങ്ങുന്നത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് നിലപാട് വ്യക്തമാക്കിയത്. ‘തങ്ങളുടെ തീരുമാനം ഏറ്റവും ഫലപ്രദവും തന്ത്രപരവുമായിരിക്കും. നാറ്റോ സഖ്യത്തിന്റെ വിലയിരുത്തലുകള്‍ ഏറെ സുപ്രധാനമാണ്. അഫ്ഗാനിലെ നിലവിലെ അവസ്ഥയും ദോഹ കരാറും അതുപോലെ പ്രധാനപ്പെട്ടതാണ്. അഫ്ഗാനിലെ എല്ലാ ആക്രമണ പരമ്പരകള്‍ക്കും ഭീകരാന്തരീക്ഷത്തിനും ഉത്തരവാദിത്വപരമായ ഒരു അന്ത്യമാണ് ഉണ്ടാവുക. അഫ്ഗാനെ ഇനി ഒരിക്കലും ഭീകരരുടെ സുരക്ഷിത സ്വര്‍ഗ്ഗമാക്കി മാറ്റില്ല.’ ബ്ലിങ്കന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച താലിബാന്‍ നേതാക്കള്‍ അമേരിക്കയോട് അവശേഷിക്കുന്ന 2500 സൈനികരെ മെയ് 1നുള്ളില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെയ് മാസത്തോടെ പിന്മാറ്റം സാദ്ധ്യമാകില്ലെന്ന നിലപാടാണ് ജോ ബൈഡന്റേത്. എല്ലാ സഖ്യരാജ്യങ്ങളുമായി ആലോചിച്ചശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന അമേരിക്കയുടെ പുതിയ നയം നാറ്റോയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here