കരുണയും അനുകമ്പയുമൊക്കെ എല്ലാ മനുഷ്യരുടെയുള്ളിലുമുണ്ട്. സാഹചര്യത്തിനനുസരിച്ച് അത് പ്രകടമാക്കുന്നിടത്താണ് മനുഷ്യര്‍ വിജയിക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന പ്രായമായവരെയും കുട്ടികളെയുമൊക്കെ കാണുമ്പോള്‍ ചില ഡ്രൈവര്‍മാര്‍ വാഹനം പതിവിലുമധികം നേരം നിര്‍ത്തിക്കൊടുക്കുന്നതിന് നാം ദൃക്‌സാക്ഷികളാകാറുണ്ട്. എന്നാലിവിടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് മനുഷ്യരല്ല മറിച്ച് ഒരു അമ്മക്കരടിയും അതിന്റെ കുഞ്ഞുങ്ങളുമാണ്. കണക്ടിക്കട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

അമ്മക്കരടി ആദ്യം കുഞ്ഞുങ്ങളിലൊരാളെ വായില്‍ കടിച്ച് തൂക്കിയെടുത്തുകൊണ്ട് റോഡ് മുറിച്ചു കടന്നു. ഒരാളെ കൂടെക്കൂട്ടുകയും ചെയ്തു. ഇതു കണ്ട് മൂന്നാമനും ഇവരുടെ പുറകെ ഓടിച്ചെന്നു. പിന്നിലായപ്പോയ നാലാമന്‍ റോഡ് മുറിച്ചുകടക്കാന്‍ സംശയിച്ചു നില്‍ക്കുകയാണ്. അമ്മയും സഹോദരങ്ങളും റോഡ് കടന്ന് അപ്പുറമെത്തിയതോടെ പേടിച്ചുപോയ നാലാമന്‍ ഓടി സമീപത്തെ മരത്തില്‍ കയറുകയും ചെയ്തു.

ഇതോടെ അമ്മക്കരടി ആകെ വെട്ടിലായി. പിന്നീട് അമ്മക്കരടി തിരികെ വന്ന് നാലാമനെ മരത്തില്‍ നിന്നിറക്കി തിരികെ റോഡ് മുറിച്ചു കടക്കുന്നതു വരെ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ ഗതാഗതം നിയന്ത്രിച്ച് ഇവര്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ഇതിനിടെ അമ്മക്കരടിയുടെ പുറകെ ആദ്യം പോയ രണ്ടു കുഞ്ഞുങ്ങള്‍ തിരിച്ച് വരികയും ചെയ്തു. അമ്മക്കരടി ഒരാളെ മറുവശത്ത് എത്തിക്കുമ്പോള്‍ അടുത്തയാള്‍ കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോകും. ഒടുവില്‍ കുറേ നേരത്തെ പരിശ്രമത്തിനു ശേഷമാണ് അമ്മക്കരടി എല്ലാ കുഞ്ഞുങ്ങളെയും അപ്പുറമെത്തിക്കുന്നത്. ഈ മനോഹര കാഴ്ച ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

https://youtu.be/7Ecxlky1N9o

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here