കോവിഡ് വാക്‌സിന്‍ പേറ്റന്റ് എടുത്തുകളയുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി അമേരിക്ക. അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തീരുമാനം ഉടന്‍തന്നെ ലോകവ്യാപാര സംഘനയെ അറിയിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ തീരുമാനം കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പ്രതികരിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. അതേസമയം വാക്‌സിന്‍ കമ്പനികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് അമേരിക്കയുടെ തീരുമാനം.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here