പി പി ചെറിയാന്‍ 

ന്യൂജഴ്സി: പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്ലറ്റ്) മൂന്നു ഇന്ത്യന്‍ അമേരിക്കന്‍ സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി 2,80,000 ഡോളര്‍ പിരിച്ചെടുത്തു. ന്യൂജഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ മെന്റേഴ്സ്’ എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്നു സഹോദിമാര്‍. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാന്‍ തങ്ങള്‍ ജനങ്ങളോട് ചോദിച്ചു വാങ്ങിയതാണ് ഈ തുകയെന്നും ഓക്സിജന്‍, വാക്സിന്‍ എന്നിവ അടിയന്തരമായി ഇന്ത്യയില്‍ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും കുട്ടികള്‍ പറഞ്ഞു.

മെയ് മൂന്നിനാണ് ഇവരുടെ ഫണ്ട് രൂപീകരണം സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധീകരിച്ചത്. പഠിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ കുടുംബാംഗങ്ങള്‍, സഹപാഠികള്‍ എന്നിവര്‍ നിര്‍ലോഭമായി ഫണ്ടിലേക്ക് സംഭാവന നല്കിയതായി ഇവര്‍ പറഞ്ഞു. ലിറ്റില്‍ മെന്റേഴ്സ് എന്ന സംഘടന കോസ്റ്റോറിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഓക്സിജന്‍ കോണ്‍സ്ട്രേയ്റ്റ്, വെന്റിലേറ്റേഴ്സ് എന്നിവയും ഡല്‍ഹിയിലേക്ക് ഷിപ്പിംഗ് നടത്തുന്നതിനു ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അനേകര്‍ക്ക് മാതൃകയായ ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here