എത്രയും വേഗം വാക്‌സിന്‍ സ്വീകരിച്ച് കോവിഡില്‍ നിന്ന്‌ന മുക്തി നേടൂ എന്ന് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കരുതെന്നും ഒരു ബീയര്‍ കുടിച്ച് കൂളായി വാക്‌സിനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

അമേരിക്കന്‍ ജനസംഖ്യയില്‍ പകുതിപ്പേരും വാക്‌സീന്‍ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനസംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്‌സീന്‍ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം.

ജനങ്ങള്‍ മടി കൂടാതെ വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹനങ്ങളും രസകരമായ പ്രതിഫലങ്ങളും നല്‍കി തന്റെ ഭരണകൂടം ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. ഈ വൈറസിനെ പരാജയപ്പെടുത്താനുള്ള ഒരു യുദ്ധകാല ശ്രമം ഞങ്ങള്‍ നടത്തുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു, അതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്‌സീന്‍ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. എന്ത് ഓഫര്‍ നല്‍കിയിട്ടായാലും വാക്‌സീന്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോട്ടറിയും ബീയറും മുതല്‍ നല്ല സ്‌റ്റൈലന്‍ ഹെയര്‍ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്‌സീന്‍ എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികളും സമ്പൂര്‍ണ വാക്‌സീനേഷന്‍ ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്.

യുഎസിലെ ശരാശരി ദൈനംദിന കേസുകള്‍ 184,000 ല്‍ നിന്ന് 19,000 ആയി കുറഞ്ഞിരിക്കുകയാണ്. ശരാശരി ആശുപത്രിയില്‍ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം 117,000 ല്‍ നിന്ന് 21,000 ആയി കുറഞ്ഞു. മരണനിരക്ക് 85 ശതമാനത്തിലധികം കുറഞ്ഞുവെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here