ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയില്‍ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോള്‍ റാന്നിക്കാര്‍ക്ക് കരുതലിന്റെ കരസ്പര്‍ശവുമായി അമേരിക്കയിലെ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക. റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക് ഒരു വെന്റിലേറ്റര്‍ നല്‍കി ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക മാതൃകയായി. ജൂണ്‍ 28 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് ആശുപത്രി ചാപ്പലില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെന്റിലേറ്റര്‍ കൈമാറി.

ഒരു വെന്റിലേറ്റര്‍ നമ്മുടെ ആശുപത്രിയ്ക്ക് ഏറ്റവും ആവശ്യമായിരുന്ന ഘട്ടത്തിലാണ് ദൈവനിശ്ചയമായി തക്ക സമയത്ത് ആറ് ലക്ഷം രൂപ വിലയുള്ള ഈ വെന്റിലേറ്റര്‍ ട്രിനിറ്റി ഇടവകയിലൂടെ ലഭിച്ചതെന്ന് പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ത്തോമാ മെഡിക്കല്‍ മിഷന്‍ സെന്റര്‍ പ്രസിഡണ്ട് റവ.ജേക്കബ് ജോര്‍ജ് പറഞ്ഞു.

കോവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക്ക് വെന്റിലേറ്റര്‍ നല്‍കിയ ഇടവക വികാരി ഇന്‍ ചാര്‍ജ് റവ. റോഷന്‍ വി. മാത്യുസ്, ഇടവക കൈസ്ഥാന സമിതി, മിഷന്‍ ബോര്‍ഡ്, ഇടവക ജനങ്ങള്‍ എന്നിവര്‍ക്ക് റാന്നി മാര്‍തോമ്മ മെഡിക്കല്‍ മിഷന്‍ ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങില്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ മുന്‍ വികാരിമാരായ റവ.ടി.വി. ജോര്‍ജ്, റവ. കൊച്ചുകോശി ഏബ്രഹാം, റവ.ജോര്‍ജ് തോമസ് (ജോര്‍ജി അച്ചന്‍ ) എന്നിവരോടൊപ്പം റവ. ജിജി മാത്യൂസ്, റവ.ഫിലിപ്പ് സൈമണ്‍, അനു .ടി ജോര്‍ജ് തടിയൂര്‍, മെഡിക്കല്‍ മിഷന്‍ സെന്റര്‍ ഭാരവാഹികളായ മാത്യു എബ്രഹാം (വൈസ് പ്രസിഡണ്ട് ) ടി. പി . ഫിലിപ്പ് ( സെക്രട്ടറി ) ഷാജി പനവേലില്‍ ( ട്രഷറര്‍ ), ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിവര്‍ സംബന്ധിച്ചു.

കോവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടവക പങ്കാളിയായി. കര്‍ണാടകയില്‍ ഹോസ്‌ക്കോട്ട് മിഷന്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാ സേവനം, മാര്‍ത്തോമാ യുവജന സഖ്യം എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ് വിതരണം, കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ടാബ്ലെറ്റുകളും ഉള്‍പ്പെടെ ഏകദേശം ഇരുപതു ലക്ഷത്തോളം രൂപയുടെ സഹായം ട്രിനിറ്റി ഇടവക ഈ കാലയളവില്‍ നല്‍കുകയുണ്ടായി. ഇടവകയിലെ കോവിഡ് റിലീഫ് ഫണ്ടിന്റെ ധനശേഖരണത്തിന് ഇടവക ചുമതലക്കാരോടൊപ്പം യൂത്ത് ഫെല്ലോഷിപ്പും നേതൃത്വം നല്‍കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here