പി പി ചെറിയാന്‍

ഷിക്കാഗോ: സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അമേരിക്കയിലൂടനീളം ഉണ്ടായ നാനൂറിലധികം  വെടിവയ്പുകളില്‍ 150 പേര്‍ കൊല്ലപ്പെട്ടതായി ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ജൂലൈ 3 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള 72 മണിക്കൂറിലാണ് ഇത്രയും ഗണ്‍ വയലന്‍സ് സംഭവങ്ങള്‍ ഇവിടെ ഉണ്ടായതെന്നും തുടര്‍ന്നു പറയുന്നു.

ന്യുയോര്‍ക്കില്‍ ഉണ്ടായ 21 വെടിവയ്പുകളില്‍ 26 പേര്‍ ഇരകളായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 25 വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 പേരായിരുന്നു. ജൂലൈ 4ന് മാത്രം സിറ്റിയില്‍ 12 സംഭവങ്ങളില്‍ 13 പേര്‍ക്കു വെടിയേറ്റു. ഷിക്കാഗോയിലാണ് ഏറ്റവും കൂടുതല്‍ വെടിവയ്പു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 83 പേര്‍ക്ക് ഇവിടെ  വെടിയേറ്റതില്‍ 14 പേര്‍ കൊല്ലപ്പെട്ടുവെന്ന് പൊലിസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട 14 പേരില്‍ ഇല്ലിനോയ് ആര്‍മി നാഷണല്‍ ഗാര്‍ഡും ഉള്‍പ്പെടുന്നു.

ഷിക്കാഗോയില്‍ വര്‍ധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് സൂപ്രണ്ട്  പറഞ്ഞു. ശനിയാഴ്ച അറ്റ്ലാന്റാ കണ്‍ട്രി ക്ലബിലുണ്ടായ വെടിവെപ്പില്‍ ഗോള്‍ഫ് പ്രഫഷണല്‍ ജിന്‍ സില്ലര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജൂലൈ 4 ശനിയാഴ്ച ഡാലസില്‍ വ്യത്യസ്ത സംഭവങ്ങളില്‍ വെടിയേറ്റ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഗണ്‍വയലന്‍സ് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഒരോ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here