ആളുമാറി കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിവാദത്തിലായി ഒഹിയോയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. സര്‍ജറിക്കായി തയ്യാറായിരിക്കുന്ന പേഷ്യന്റിന് പകരം മറ്റൊരു പേഷ്യന്റിന് കിഡ്‌നി മാറ്റിവെച്ചതിനെത്തുടര്‍ന്നാണ് ആശുപത്രി വിവാദത്തിലായത്. കിഡ്‌നി സ്വീകരിക്കാന്‍ തയ്യാറായ വ്യക്തി നിലവില്‍ ജീവന്‍ രക്ഷാ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തങ്ങള്‍ക്ക് സംഭവിച്ച അബദ്ധത്തില്‍ ഖേദപ്രകടനവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ചെറിയ പിശകാണ് സംഭവത്തിന് കാരണമെന്നും കിഡ്‌നി സ്വീകരിച്ച വ്യക്തിയുടെ ശരീരം പുതിയ അവയവുമായി പൊരുത്തപ്പെട്ടുവെന്നും അധികൃതര്‍ പ്രസ്താവനയില്‍ കുറിച്ചു. അതേസമയം കിഡ്‌നി ട്രാന്‍സ്പാന്റിനുള്ള ശസ്ത്രക്രിയ വൈകിയതില്‍ തങ്ങള്‍ ക്ഷമാപണം നടത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 2 നാണ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തെറ്റായ ശസ്ത്രക്രിയ നടന്നത്. ട്രാന്‍സ്പ്ലാന്റുകളുടെ മേല്‍നോട്ടം വഹിക്കുന്ന യുണൈറ്റഡ് നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിനെ അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. അബദ്ധം സംഭവിക്കാന്‍ കാരണമെന്താണെന്ന് കൃത്യമായി അന്വേഷിക്കുമെന്നും ഇനിയൊരിക്കലും ഇത്തരമൊരു പിശക് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും പത്രക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കി.

രണ്ട് രോഗികളോടും കുടുംബങ്ങളോടും തങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. അവരുടെ പരിചരണം അവര്‍ ഞങ്ങളെ ഏല്‍പ്പിച്ചതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. രോഗികളെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും നയിക്കാന്‍ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുമായി ഒരു തരത്തിലും യോജിച്ചുപോകാത്ത സംഭവമാണ് ഇപ്പോള്‍ നടന്നതെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഈ വര്‍ഷം 95 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയതായും 2020 ല്‍ 194 ശസ്ത്രക്രിയകള്‍ നടത്തിയിരുന്നുവെന്നും ക്ലീവ്ലാന്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here