പി പി ചെറിയാന്‍

ടെക്സസ്: ടെക്സസ്-മെക്സിക്കൊ അതിര്‍ത്തിയായ ഡെല്‍റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച നൂറുകണക്കിന് ഹെയ്ത്തി അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ നിന്നും തുരത്താന്‍ കുതിരകളെ ഉപയോഗിച്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്ന് പ്രസിഡന്റ് ജൊബൈഡന്‍. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഇതിന് ഉത്തരവാദിയായവര്‍ ആരായാലും അനന്തര നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കി.

ഡെല്‍റിയൊ ഇന്റര്‍നാഷ്ണല്‍ ബ്രിഡ്ജിനു കീഴെ ഉണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡന്‍ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹെയ്ത്തിയന്‍ അഭയാര്‍ത്ഥികളെ വളഞ്ഞു പിടിച്ചു തിരികെ അയക്കുക എന്ന ബൈഡന്‍ പോളിസിയും വിമര്‍ശന വിധേയമായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ് താനല്ലാതെ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് പ്രസിഡന്റ് മറുചോദ്യം ഉന്നയിച്ചു.

ഫെഡറല്‍ ഏജന്റുമാരുടെ അഭയാര്‍ത്ഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. ഇതിന് ഉത്തരവാദിയായവര്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരും. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തിലൂടെ തെറ്റായ സന്ദേശം ലോകത്തിനു നല്‍കിയതും വേദനാജനകമാണ്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി കുതിരകളെ ഉപയോഗിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here