റോക്ക്‌ലാന്‍ഡ്: നാല്‍പതിലധികം വര്‍ഷത്തെ ചരിത്രമുള്ള റോക്ക്‌ലാന്‍ഡിലെ ആദ്യ മലയാളി സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2021 സെപ്റ്റംബര്‍ മാസം 12ാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍പാലസില്‍ വെച്ച് വിവിധ കലാപരിപാടികളോടെ സമുചിതം കൊണ്ടാടി.

താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിമന്നനെ ഏതിരേറ്റ് സമ്മേളന നഗരിയില്‍ പ്രവേശിച്ച് തിരുവാതിരയോടുകൂടി ആരംഭിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ടോം അധ്യക്ഷത വഹിച്ചു.

ഡോ. ആനി പോള്‍, ലതാ പൗലോസ്, ഉഷാ ചാക്കോ, ആനി വര്‍ഗ്ഗീസ്, ഷീല ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ അത്തപ്പൂക്കളം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ആദ്ധ്യാത്മിക ഗുരു വിദ്യാസാഗര്‍ജി ഓണസന്ദേശം നല്‍കി. ഓണക്കാലത്ത് നാം ആഘോഷിക്കുന്ന നന്മയുടേയും സമൃദ്ധിയുടേയും അനുഭവം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ നാം ബാധ്യസ്ഥരാണ് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി, മേരി ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍, വര്‍ഗ്ഗീസ് ഉലഹന്നാന്‍, ഫാ. മാത്യു തോമസ് എന്നിവരെ കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരും ആശംസകളറിയിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന് മാറ്റ്കൂട്ടി.

കോവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ഓണാഘോഷം നടത്തപ്പെട്ടത്. സെക്രട്ടറി സജി പോത്തന്‍ സ്വാഗതവും ട്രസ്റ്റ് ബോര്‍ഡംഗം ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here