പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യുഎസില്‍ അവധിക്കാലം ആസന്നമായിരിക്കെ, കോവിഡ് കേസുകളുടെ അപകടകരമായ പുതിയ തരംഗം മുന്നില്‍ക്കണ്ട് അതൊഴിവാക്കാന്‍ രാജ്യം ഉടന്‍ സജ്ജമാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗച്ചി മുന്നറിയിപ്പ് നല്‍കി. ഇതിനായി അധികം സമയം മുന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് അണുബാധകളില്‍ രാജ്യത്ത് പുതിയ വര്‍ദ്ധനവ് കാണുന്നുണ്ട്.കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ കേസുകള്‍ പ്രതിദിനം 100,000 ലേക്ക് അടുക്കുന്നതും അത്ര നല്ല സൂചനയല്ല. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീടുകളില്‍ ആഘോഷങ്ങള്‍ക്കായി ഒത്തുചേരുന്ന ‘താങ്ക്‌സ്ഗിവിംഗ്’ ഈ ആഴ്ചയാണ്. ഇത് കോവിഡിന്റെ മറ്റൊരു കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.

ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവയും വരുന്ന മാസം കോവിഡ് നിരക്ക് ഗണ്യമായി വഷളാക്കാന്‍ സാധ്യതയുണ്ട്.അത് ഒഴിവാക്കാന്‍ ഇനിയും വൈകാതെ നിയന്ത്രണങ്ങളിലേക്ക് കടക്കണമെന്ന് ഫൗച്ചി പറഞ്ഞു. മുതിര്‍ന്നവര്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കുകയും ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കുകയും അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്താല്‍, അത് വൈറസിനെ കീഴടക്കാന്‍ സഹായിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള ഏകദേശം 60 മില്യണ്‍ ആളുകള്‍ ബാക്കിയുണ്ടെന്നും , ഇത് അപകടമാണെന്നും ഫൗച്ചി ഓര്‍മ്മപ്പെടുത്തി. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് രോഗം വന്നാല്‍ സങ്കീര്‍ണമായേക്കുമെന്നും അത് കൂടുതല്‍ പേരിലേക്ക് പകരുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ എടുത്തിട്ടില്ലെങ്കില്‍ എത്രയും വേഗം എടുക്കാനും; എടുത്തവര്‍ ബൂസ്റ്റര്‍ ഷോട്ട് എടുക്കാനും ഫൗച്ചി പ്രോത്സാഹിപ്പിച്ചു. പ്രതിരോധശേഷി കുറയുംതോറും അത് വീണ്ടെടുക്കാന്‍ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍, യുഎസിലെ പുതിയ കേസുകളുടെ പ്രതിദിന ശരാശരി 29 ശതമാനം ഉയര്‍ന്നു. 2021-ല്‍ യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2020-നെ മറികടന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 196 മില്യണ്‍ ആളുകള്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. യുഎസ് ജനസംഖ്യയുടെ 59 ശതമാനം പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, യോഗ്യരായ ജനസംഖ്യയുടെ ഏകദേശം 26.6 ശതമാനം ഇതുവരെ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല.

കോവിഡിനെതിരെ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്താല്‍, ഈ അവധിക്കാലത്ത് മാസ്‌ക് ഉപേക്ഷിക്കാമെന്നും ഫൗച്ചി പറഞ്ഞു. യാത്ര ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആളുകളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അറിയാത്ത സാഹചര്യങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കോവിഡ് തടയാന്‍ വാര്‍ഷിക ബൂസ്റ്ററുകള്‍ ആവശ്യമായി വരുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, വര്‍ഷം തോറും ബൂസ്റ്ററുകള്‍ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ഫൗച്ചി പറഞ്ഞു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാവിലെ വരെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളും കോവിഡ് കേസുകളും ബാധിച്ച രാജ്യമാണ് യുഎസ്.

 

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here