മകളുടെ ജന്മദിനം ആഘോഷിക്കാന്‍ കേക്കുമായെത്തിയ പിതാവ് ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ടെക്സാസിലെ 24 കാരനായ കലോജെറോ ഡ്യുനെസ് ആണ് ആറു വയസ്സുകാരിയായ മകള്‍ സെറീനയുടെ ജന്മദിനത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ റസ്‌റ്റോറന്റിലെത്തിയതായിരുന്നു ഡ്യൂനസും കുടുംബവും.

റസ്‌റ്റോറന്റിന് പുറത്ത് പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് ഡ്യൂനസിന് വെടിയേറ്റത്. കാര്‍ റോംഗായി പാര്‍ക്ക് ചെയ്ത ഒരാളുമായി ഡ്യൂനസ് നടത്തിയ സംസാരമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. ഇയാള്‍ തോക്കെടുത്ത് ഡ്യൂനസിനെ വെടിവെക്കുകയായിരുന്നു. വെടിവെപ്പ് നടക്കുന്ന സമയത്ത് ഡ്യൂനസിന്റെ ഭാര്യയും രണ്ടെ പെണ്‍കുട്ടികളും റസ്റ്റോറന്റിനകത്തായിരുന്നു.

പിറന്നാള്‍ കേക്കുമായി റസ്‌റ്റോറന്റിലേക്ക് ഡ്യൂനസ് വരുന്നതിനിടെയാണ് വെടിവെപ്പുണ്ടാകുന്നത്. എനിക്ക് വെടിയേറ്റു എന്ന് നിലവിളിച്ചുകൊണ്ടാണ് ഡ്യൂനസ് അകത്തേക്ക് വന്നതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഭയന്നുപോയ ഭാര്യയും ആറും മൂന്നും വയസ്സായ പെണ്‍കുട്ടികളും ഡ്യൂനസിനരികിലേക്ക് എത്തുമ്പോഴേയ്ക്കും അദ്ദേഹം നിലത്ത് വീണിരുന്നു.

പോലീസ് ഉടന്‍ തന്നെ ഡ്യൂനസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ കുഞ്ഞിനായുള്ള കേക്കല്ലാതെ ആയുധങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിനെ എന്തിനാണ് അവര്‍ കൊന്നു കളഞ്ഞതെന്ന് ഡ്യൂനസിന്റെ ഭാര്യ കണ്ണീരോടെ ചോദിക്കുന്നു. പിറന്നാള്‍ ദിനത്തില്‍ കണ്ട ഭീകര ദൃശ്യങ്ങളും അച്ഛന്റെ മരണവുമെല്ലാം ആറുവയസ്സുകാരിയായ സെറീനയെ തകര്‍ത്തു കളഞ്ഞെന്നും ഭാര്യ പറഞ്ഞു.

‘അവള്‍ രാത്രി മുഴുവന്‍ അച്ഛന്റെ ഷര്‍ട്ട് കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കരഞ്ഞ് കരഞ്ഞ് തളര്‍ന്നാണ് കുട്ടി ഉറങ്ങിപ്പോയത്. ഈ കാഴ്ച എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. എനിക്ക് അവളെ എന്ത് പറഞ്ഞ് ആശ്വപ്പിക്കണമെന്നറിയില്ല. അച്ഛന്‍ നിന്റെ ഹൃദയത്തിലുണ്ട്, അച്ഛന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നല്ലാതെ വേറൊന്നും എനിക്കെന്റ് മകളോട് പറയാനില്ലെന്നും’ കണ്ണീരോടെ ഡ്യൂനസിന്റെ ഭാര്യ പറഞ്ഞു.

പാര്‍ക്കിംഗ് ലോട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഡ്യൂനസും മറ്റൊരാളും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നത് വ്യക്തമാണെന്നും ഡ്യുനെസിനെ വെടിവച്ചയാള്‍ കറുത്ത ഫോര്‍ഡ് കാര്‍ ആണ് ഓടിച്ചതെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here