വെള്ളപ്പൊക്കത്തിലൂടെ മനപ്പൂര്‍വ്വം വാഹനമോടിച്ച് മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ കേസില്‍ മാതാപിതാക്കളെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ദമ്പതികളുടെ ജീവിച്ചിരിക്കുന്ന രണ്ട് കുട്ടികളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഗില കൗണ്ടി കോടതിമുറിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത്.

അരിസോണയിലെ 38കാരനായ ഡാനിയല്‍ റൗളിംഗ്‌സിസ്, 34 കാരിയായ ലേസി റൗളിംഗ്‌സ് എന്നിവരെയാണ് വ്യാഴാഴ്ച ജഡ്ജി തിമോത്തി റൈറ്റ് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. കേസില്‍ ഡാനിയല്‍ റൗളിംഗ്‌സിന് അഞ്ച് വര്‍ഷത്തെ പ്രൊബേഷനും, ലേസി റൗളിംഗ്‌സിന് നാല് വര്‍ഷത്തെ പ്രൊബേഷനുമാണ് വിധിച്ചിരിക്കുന്നത്. പ്രൊബേഷനു പുറമേ, മാതാപിതാക്കള്‍ കമ്മ്യൂണിറ്റി സേവനവും പൂര്‍ത്തിയാക്കണം. 2019ലാണ് അപകടം നടന്നത്.

2019 ലെ താങ്ക്‌സ് ഗിവിംഗ് ഡേയുടെ അടുത്ത ദിവസമാണ് ദമ്പതികളും ഇവരുടെ നാല് കുട്ടികളും സഹോദരന്റെ കുട്ടിയുമടക്കം ഏഴു പേര്‍ കാറില്‍ യാത്ര ചെയ്തത്. കവിഞ്ഞൊഴുകുന്ന ടോന്റോ ക്രീക്കിലൂടെ ഇവര്‍ വാഹനം ഓടിക്കുകയായിരുന്നു. യാത്രാമധ്യേ വെള്ളമുയര്‍ന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ കടന്നുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അടയാളങ്ങളും ബാരിക്കേഡുകളും അവഗണിച്ചാണ് കവിഞ്ഞൊഴുകുന്ന ടോന്റോ ക്രീക്കിലൂടെ ഇവര്‍ വാഹനമോടിച്ചത്.

മുന്നോട്ടെടുത്ത കാര്‍ വളരെപ്പെട്ടന്ന് തന്നെ വെള്ളത്തിനടിയിലായി. ഉടന്‍തന്നെ പുറത്തിറങ്ങിയ ദമ്പതികളും ഇവരുടെ രണ്ട് കുട്ടികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ചെറിയ രണ്ട് കുട്ടികളും സഹോദരന്റെ കുട്ടിയും വെള്ളത്തില്‍ മുങ്ങി മരണപ്പെടുകയായിരുന്നു. അഞ്ച് വയസ്സുള്ള കോള്‍ബി, ആറ് വയസ്സുള്ള വില്ല, അഞ്ച് വയസ്സുള്ള ഓസ്റ്റിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചത്. നരഹത്യ, ബാലപീഡനം എന്നിവയ്ക്കാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം മാതാപിതാക്കളെ ശിക്ഷിക്കരുതെന്ന് ദമ്പതികളുടെ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള മക്കളായ നെല്ലി റൗളിംഗ്‌സും ഡല്ലന്‍ റൗളിംഗ്സും കോടതിയില്‍ അപേക്ഷിച്ചു. അവരില്ലെങ്കില്‍ തങ്ങള്‍ തനിച്ചായിപ്പോകുമെന്നും അത് തങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും കുട്ടികള്‍ പറഞ്ഞു. ദമ്പതികളെ ജയിലില്‍ അടയ്ക്കുന്നത് അവരുടെ ജീവിച്ചിരിക്കുന്ന രണ്ട് കുട്ടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് ജഡ്ജി വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് ജയില്‍ ശിക്ഷ ഒഴിവാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here