സ്പേസ് എക്സ് ഫ്ലൈറ്റിലെ ബഹിരാകാശ യാത്രയ്ക്കായുള്ള സീറ്റ് നേടിയെങ്കിലും ഭാര പരിധി കാരണം യാത്ര ഒഴിവാക്കേണ്ടി വന്ന 43കാരന്‍ തന്റെ സീറ്റ് സുഹൃത്തിന് നല്‍കി. ബഹിരാകാശ യാത്രയ്ക്ക് അനുവദനീയമായ ഭാരത്തിലും കൂടുതലുണ്ടെന്ന് കണ്ടതിനാല്‍ താങ്കള്‍ക്ക് ഇത്തവണ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി കൈല്‍ ഹിപ്പ്‌ചെനെ അറിയിക്കുകയായിരുന്നു.

ഡെല്‍റ്റയുടെ റീജിയണല്‍ കാരിയര്‍ എന്‍ഡവര്‍ എയറിന്റെ ഫ്‌ലോറിഡ ആസ്ഥാനമായുള്ള ക്യാപ്റ്റന്‍ ഹിപ്പ്‌ചെന്‍ തനിക്ക് യാത്ര ചെയ്യാന്‍ അനുവദിക്കപ്പെട്ടതിലും ഭാരമുണ്ടെന്ന് മനസ്സിലാക്കുന്നതിന് മുന്‍പാണ് അറുന്നൂറ് ഡോളര്‍ മുടക്കി സ്പേസ് എക്സ് ഫ്ലൈറ്റിലെ സീറ്റിനായി മത്സരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ റാന്‍ഡം ഡ്രോയിംഗില്‍ 72,000 എന്‍ട്രികള്‍ വന്നപ്പോള്‍ അതിലേക്ക് താന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഹിപ്പ്‌ചെന്‍ പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ശാരീരികാവസഥ് വ്യക്തമാക്കാനാവശ്യപ്പെട്ട് ഹിപ്പ്‌ചെന് കമ്പനിയുടെ ഇമെയില്‍ ലഭിച്ചു. അതില്‍ അനുവദിക്കപ്പെട്ട ഭാരവും മറ്റ് വിവരങ്ങളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് 330 പൗണ്ട് ഭാരമുള്ള തനിക്ക് ബഹിരാകാശ യാത്ര നടത്താന്‍ സാധിക്കില്ലെന്ന് ഹിപ്പ്‌ചെന് മനസ്സിലായത്. ഇതോടെ താന്‍ പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഹിപ്പ്‌ചെന്‍ കമ്പനിക്ക് മറുപടിയയച്ചു.

അന്തിമപട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആറുമാസത്തിനുള്ളില്‍ ബഹിരാകാശ യാത്ര നടത്തണം. അതിനുള്ളില്‍ തനിക്ക് എണ്‍പത് പൗണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഹിപ്പ്‌ചെന്‍ കമ്പനിക്ക് മെയിലയച്ചത്. ഇതോടെ ഫ്‌ലൈറ്റിന്റെ സ്‌പോണ്‍സറായ ഷിഫ്റ്റ്4 പേയ്‌മെന്റ്‌സ് സ്ഥാപകനും സിഇഒയുമായ ജാരെഡ് ഐസക്മാന്‍ ഹിപ്പച്ചനെ ഒരു സ്റ്റാന്‍ഡ്-ഇന്‍ തിരഞ്ഞെടുക്കാന്‍ അനുവദിച്ചു.

പിന്നീട് താന്‍ പിന്മാറുകയാണെന്നും പകരം തന്റെ സുഹൃത്തായ ക്രിസ് സെംബ്രോസ്‌കിക്ക് ടിക്കറ്റ് കൈമാറുകയാണെന്നും ഹിപ്പ്‌ചെന്‍ അറിയിച്ചു. 1990-കളുടെ അവസാനത്തില്‍ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ തന്റെ റൂംമേറ്റായിരുന്ന ക്രിസ് സെംബ്രോസ്‌കിക്ക് അദ്ദേഹം തന്റെ ടിക്കറ്റ് കൈമാറി. ക്രിസിന് തന്റെ സീറ്റ് സമ്മാനിക്കാനുള്ള കൈലിന്റെ സന്നദ്ധത അവിശ്വസനീയമായ കാര്യമാണെന്ന് ജാരെഡ് ഐസക്മാന്‍ പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here