ആഗോള സമ്പന്നരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിനെ മറികടന്ന് താന്‍ അതിലും സമ്പന്നനായെന്ന് വെളിപ്പെടുത്തി ഒരു യൂട്യൂബര്‍. യുകെയിലെ മാക്‌സ് ഫോഷ് എന്ന യൂട്യൂബറാണ് താന്‍ ലോകത്തെ ഏറ്റവും വലിയസമ്പന്നനായ കഥ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഏഴു മിനുട്ട് മാത്രം നീണ്ടു നിന്ന് സമ്പന്നതയുടെ കഥ തുടങ്ങുന്നത് മാക്‌സ് യുകെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തതോടെയാണ്.

യുകെയില്‍ ഒരു കമ്പനി വളരെ എളുപ്പത്തില്‍ ആരംഭിക്കാനാവും. ഇതിനായി ഒരു ഫോം ഫില്‍ ചെയ്യാനുണ്ട്. ഇതില്‍ കമ്പനിയുടെ പേരും രേഖപ്പെടുത്തണം. ഈ സ്ഥാനത്ത് മാക്‌സ് രേഖപ്പെടുത്തിയത് അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ് എന്നാണ്. മാകറോണി, നൂഡില്‍, കസ്‌കസ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണിതെന്നാണ് രേഖപ്പെടുത്തിയത്.

പത്ത് ബില്യണ്‍ ഓഹരികളാണ് ഇദ്ദേഹം കമ്പനിയുടെ പേരില്‍ രേഖപ്പെടുത്തിയത്. ഓഹരി ഒന്നിന് 50 പൗണ്ട് എന്ന് വിലയും ഇട്ടു. ഇതോടെ കമ്പനിയുടെ മൂല്യം 500 ബില്യണ്‍ പൗണ്ടായെന്നും മാക്‌സ് പറയുന്നു. ഇതോടെയാണ് താന്‍ ലോകത്തിലെ ഏറ്റവും അതിസമ്പന്നനായതെന്നാണ് മാക്‌സ് ഫോഷ് അവകാശപ്പെട്ടത്. എന്നാല്‍ കമ്പനിക്ക് നിക്ഷേപകരെ കണ്ടെത്തുക പ്രയാസമായിരുന്നു.

എന്നാല്‍ അധികം വൈകാതെ മാക്‌സ് ഫോഷിന് താന്‍ ചെയ്തുവെച്ചിരിക്കുന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ബോധ്യമായി. യുകെയിലെ വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിനെത്തുടര്‍ന്നായിരുന്നു അത്. അണ്‍ലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യണ്‍ പൗണ്ടാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ വരുമാനത്തിനായുള്ള പ്രവര്‍ത്തനമൊന്നും കമ്പനി നടത്താത്തതിനാല്‍ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നതായും അധികൃതര്‍ മാക്‌സ് ഫോഷിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

അതിനാല്‍ എത്രയും വേഗം കമ്പനി പിരിച്ചുവിടണമെന്നും അവര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ നിര്‍ദ്ദേശം ഇയാള്‍ അക്ഷരം പ്രതി പാലിച്ചു. അങ്ങിനെ ഏഴ് മിനിറ്റ് നേരം താന്‍ ലോകത്തിലെ ഏറ്റവും ധനികനായെന്ന് അവകാശപ്പെട്ട് മാക്‌സ് ഫോഷ് യൂട്യൂബില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. മാക്‌സ് ഫോഷ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ഏഴ് ലക്ഷത്തിലേറെ പേര്‍ കണ്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here