ഗര്‍ഭിണിയായ യാത്രക്കാരിക്ക് നേരെ മൂന്നു തവണ നിറയൊഴിച്ച ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജോര്‍ജിയയില്‍ ഏഴു മാസം ഗര്‍ഭിണിയായ 36 കാരിയാണ് ഊബര്‍ ഡ്രൈവറുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായത്. ശനിയാഴ്ച രാത്രി അറ്റ്‌ലാന്റയ്ക്ക് പുറത്തുള്ള കോളേജ് പാര്‍ക്കിന് സമീപത്താണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

വെടിയേറ്റതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായതോടെ മാസം തികയാതെ കുഞ്ഞിനെ പ്രസവിക്കാന്‍ യുവതി നിര്‍ബന്ധിതയാവുകയായിരുന്നു. സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഗ്രേഡി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള യുവതിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

യുവതിയും പിതാവുമാണ് ഊബറില്‍ യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ കാറിന്റെ യഥാര്‍ത്ഥ നിറമല്ല ഊബര്‍ ആപ്പിലെ കാറിന്റെ ഡീറ്റെയില്‍സില്‍ നല്‍കിയിരിക്കുന്നതെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. യുവതി ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവറുമായി ചെറിയ വാക്കുതര്‍ക്കമുണ്ടായെന്നും യുവതിയുടെ പിതാവ് കെന്നത്ത് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

പിന്നീട് അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് കാര്‍ നിര്‍ത്തി യുവതി ഇറങ്ങുന്നതിനിടെ ഡ്രൈവര്‍ പിന്നാലെ വന്ന് യുവതിയുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്ന് കണ്ടിട്ടും യാതൊരു കരുണയുമയില്ലാതെ അയാള്‍ അവളുടെ നിറവയറിന് നേര്‍ക്ക് തന്നെ വെടിവെക്കുകയായിരുന്നു. വയറിന് രണ്ട് തവണയും കാലിന് ഒരു തവണയുമാണ് വെടിയേറ്റിരിക്കുന്നത്. ആലോചിക്കുമ്പോള്‍ ഇപ്പോഴും തനിക്ക് തല കറങ്ങുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ഊബര്‍ അധികൃതര്‍ പ്രതികരിച്ചു. നടന്ന സംഭവത്തില്‍ തങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും യുവതിയും കുഞ്ഞും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ഊബര്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here