ഓസ്റ്റിന്‍: അമേരിക്കന്‍ മണ്ണില്‍ മലയാളഭാഷയുടെ അഭിമാനമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്സിന്റെ കീഴില്‍ കഴിഞ്ഞ 45 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മലയാള ഭാഷാസാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്‌സിറ്റി നേരിട്ട് 40 for Forty malayalam fund raising എന്ന പേരില്‍ സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ടിരിക്കുന്നു. അഭ്യുദയകാംക്ഷികളായവരില്‍നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് തത്തുല്ല്യമായ തുക യൂണിവേഴ്‌സിറ്റിയും മലയാള വിഭാഗത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെയ്ക്കും. മലയാളികളുടെ പങ്കാളിത്തവും മലയാളികള്‍ എത്രമാത്രം പ്രാധാന്യത്തോടെ മാതൃഭാഷയെ കാണുന്നു എന്നുള്ള യൂണിവേഴ്‌സിറ്റിയുടെ വിലയിരുത്തലുംകൂടിയാണ് ഈ പ്രോഗ്രാം .

ഫോറിന്‍ ലാംഗേജ് എന്ന നിലയില്‍ അമേരിക്കയില്‍ മലയാളം പഠിക്കുവാന്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുദിനം കൂടിവരുന്നുണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് മറ്റു യൂണിവേഴ്‌സിറ്റികളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നുള്ളത് വിദ്യാര്‍ത്ഥികളുടെ കരിക്കുലം ഡെവലപ്പ് ചെയ്യാന്‍ സഹായിക്കുന്നു . യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഉപകാരപ്രദമാകുന്നത് ഇവിടെ വളര്‍ന്നുവരുന്ന പുതിയ ജനറേഷനാണ് എന്നത് ആശാവഹമായ കാര്യമാണ്.

ഭാഷ ,സാഹിത്യം ,സംസ്‌ക്കാരം ,മലയാള സിനിമ തുടങ്ങിവിവിധ ശാഖകളില്‍ യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്‌മെന്റ് മുന്നോട്ടു വെയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ലോകശ്രദ്ധ നേടിയിട്ടുണ്ട് . കേരളത്തിലെ മിടുക്കരായ മലയാള ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റഡി എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഭാവി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . 6 മാസം ഇവിടെ താമസിച്ചു ഗവേഷണം നടത്താനുള്ള സംവിധാനം ക്രമീകരിക്കാനും പദ്ധതിയുണ്ട്. കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെ സെമിനാറുകള്‍ ,കള്‍ച്ചറല്‍ ഇവന്റ് തുടങ്ങി പല കലാപരിപാടികള്‍ സംഘടിപ്പിക്കാനും മലയാളഭാഷയെ അമേരിക്കയില്‍ കൂടുതല്‍ ആഘോഷമാക്കുവാനും പരിശ്രമിക്കുന്നതായി യൂണിവേഴ്‌സിറ്റി ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍ പേഴ്‌സണ്‍ ഡോ.ഡൊണാള്‍ഡ് ഡേവിസ് അറിയിച്ചു .

മലയാളഭാഷയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അമേരിക്കകാരന്‍ ഡോ .റോഡ്നി മോഗ് എന്ന അന്ധനായ പ്രൊഫസ്സര്‍ കേരളത്തില്‍വന്നു ഭാഷ പൂര്‍ണ്ണമായി പഠിക്കുകയും 1981 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിനു കീഴില്‍ മലയാളഭാഷാസാഹിത്യ പഠനവിഭാഗം സ്ഥാപിക്കുകയും കാല്‍ നൂറ്റാണ്ടോളം ജീവശ്വാസം പോലെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. പതിനായിരത്തോളം മലയാള ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന വലിയൊരു ലൈബ്രറി ഡിപ്പാര്‍ട്‌മെന്റിനു സ്വന്തമായുണ്ടെന്നത് അത്ഭുതകരമായ സത്യമാണ്. .ഡോ.മോഗിനു ശേഷം ഡോ . മാധവന്‍ ഉണ്ണിത്താന്‍ ചുമതലയേറ്റു .ആദ്യ വനിത സാനിധ്യവും ഇപ്പോള്‍ മലയാള വിഭാഗത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നതും ഡോ. ദര്‍ശന മനയത്ത് ശശിയാണ് . ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്ട്ട്‌മെന്റ് ചെയര്‍ പേഴ്‌സണും മലയാള ഭാഷാപ്രേമിയും ഡോ .മോഗിന്റെ ശിഷ്യനുമായ ഡോ .ഡൊണാള്‍ഡ് ഡേവിസിന്റെ അകമഴിഞ്ഞ സഹകരണം മലയാളം വിഭാഗത്തിന്റെ
പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നു .

മലയാളഭാഷയ്ക്ക് ഡോ.റോഡ്നി മോഗ് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പു ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചു 40 for Forty malayalam fundraising പ്രോഗ്രാമുമായി ബന്ധപ്പെട്ട അംബാസിഡര്‍മാരുടെ മീറ്റിംഗില്‍ ഡോ .ഡൊണാള്‍ഡ് ഡേവിസ് എടുത്തു പറഞ്ഞു. മലയാള ഭാഷാസ്‌നേഹികളായ എല്ലാവരും ഈ ഫണ്ട്‌റൈസിംഗ് പ്രോഗ്രാമില്‍ ആത്മാര്‍ഥമായി പങ്കെടുത്ത് മലയാളഭാഷയെ അമേരിക്കന്‍ മണ്ണില്‍ വേരുറപ്പിക്കണമെന്നും വരുന്ന തലമുറയ്ക്ക് ഭാഷയുടെ വാതായനം തുറന്നു വെയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .എല്ലാ മലയാള സംഘടനകളും കൂട്ടായ്മകളും ഏപ്രില്‍ ഏഴാം തീയതി വരെ നീളുന്ന ഈ പ്രയത്‌നത്തില്‍ സുഹൃത്തുക്കളെയും പരിചയക്കാരെയും പങ്കാളികളാക്കണമെന്നു യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഡോ. ദര്‍ശന മനയത്ത് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ ആളുകളിലേക്ക് വാര്‍ത്തകള്‍ എത്തിക്കാന്‍ എല്ലാ മീഡിയകളും സഹകരിക്കണമെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here