ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയും നോട്രെ ഡാം കാത്തലിക് കമ്മ്യൂണിറ്റിയും സംയുക്തമായി സെന്റ് തോമസ് ഡേ ആചരിച്ചു . ന്യൂ ഹൈഡ് പാർക്കിലുള്ള നോട്രെ ഡാം ചർച്ചിൽവച്ചു ജൂലൈ 16 ശനിയാഴ്ച വൈകിട്ട് 6.30 ന് റവ: ഫാ : ഡേവിസ് ചിറമേലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ ബ്രോങ്ക്സ് ഫൊറോനാ വികാരി ഫാ : ജോർജ് ഇളമ്പാശ്ശേരി , മലങ്കര കത്തീട്രൽ വികാരി ഫാ : നോബി അയ്യനേത്ത് , നോട്രെ ഡാം വികാരി ഫാ : ബേബി ഷെപ്പേർഡ് , ഫാ : ജോണി ചെങ്ങളാൻ എന്നിവർ സഹ കാർമ്മികരായിരുന്നു .
 
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം ജന പങ്കാളിത്തംകൊണ്ട് ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിച്ചു . ബിൻസി ജെയ്‌മിയുടെ പ്രാർത്ഥനാ ഗാനത്തോടെ പൊതുസമ്മേളനം ആരംഭിച്ചു . എയ്ഞ്ചലാ കിഷോ അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു .
 
സെക്രട്ടറി റോയ് ആന്റണി എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു . സർവ്വാദരണീയനും കിഡ്‌നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും സ്വർവ്വോപരി മനുഷ്യ സ്നേഹിയും വിശ്വ മാനവികതയുടെ വക്താവും പ്രയോക്താവുമായ റവ : ഫാ : ഡേവിസ് ചിറമേലിനെ മുഖ്യാതിഥി ലഭിച്ചത് ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ സുകൃതമാണെന്നു റോയ് ആന്റണി നിരീക്ഷിച്ചു .
 
പ്രസിഡന്റ് ആന്റോ വർക്കി ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു . തോമാശ്ലീഹായുടെ ആയിരത്തി തൊള്ളായിരത്തി അൻപതാം ഓർമ്മ തിരുനാൾ ആചരിക്കുമ്പോൾ ചിറമേൽ അച്ചനെപ്പോലെ മഹാനായ ഒരാൾ നമ്മോടൊപ്പം ഉള്ളത് നമ്മുടെ ക്രിസ്തീയ വിശ്വാസ തീക്ഷണത വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുവെന്നു ശ്രീ ആന്റോ വർക്കി അനുസ്മരിച്ചു .
 
നിറഞ്ഞ കരഘോഷത്തോടെയാണ് ചിറമേൽ അച്ചനെ സദസ്സ് വരവേറ്റത് . അവയവ ദാനത്തിന്റെ മഹത്വം ലോകത്തിനു കാണിച്ചുകൊടുത്ത, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായ അച്ചനെ ശ്രവിക്കുവാൻ സദസ്സ് അത്യന്തം ഉദ്‌സുകാരായിരുന്നു . തന്റെ സരളവും ഗഹനവും സരസ്സവുമായ പ്രഭാഷണം കൊണ്ട് മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു തിരിച്ചറിവിന്റെ ലോകത്തേക്ക് അനുവാചകരെ നയിക്കുവാൻ അച്ചനു കഴിഞ്ഞു . അമ്മയാണ് മനുഷ്യ കുലത്തിന്റെ ആധാര ശിലയെന്നും ദൈവപുത്രനായ ക്രിസ്തു പോലും സ്ത്രീയിലൂടെയാണ് ജന്മമെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . അമ്മ നന്നായാൽ കുടുംബം നന്നായി , കുടുംബം നന്നായാൽ ലോകവും. അമ്മയുടെ പൂർണ്ണതയിലാണ് ലോകത്തിന്റെ നിലനിൽപ്പ് തന്നെ. ഇപ്പോഴത്തെ തലമുറയ്ക്ക് വിശപ്പിന്റെ വില അറിയില്ലെന്നും അതറിഞ്ഞവർക്കേ സഹജീവികളുടെ കണ്ണീരും വേദനയും തിരിച്ചറിയാൻ കഴിയൂ എന്നും അച്ചൻ ഉദ്‌ബോധിപ്പിച്ചു . ഇന്നത്തെ തലമുറയുടെ ശാപമായി മാറിയിരിക്കുന്നു ആധുനിക ഫോൺ. സംവേദനോപാധി എന്നതിനേക്കാൾ ‘തേപ്പിനുള്ള ‘ ഉപകരണമായി മാറിയിരിക്കുന്നു ഐഫോണുകളും സ്മാർട്ട് ഫോണുകളും കളിയും കാര്യവുമായി അച്ചൻ പറഞ്ഞു നിർത്തി .
ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ തന്റെ പ്രൊജെക്ടുകളായ ഹംഗർ ഹണ്ട് , ക്ലോത്ത് ബാങ്ക് , വെജിറ്റബിൾ മാർക്കറ്റ് , ഫുഡ് ഡെലിവറി തുടങ്ങിയ നവീന ആശയങ്ങൾ സദസ്സുമായി പങ്കുവച്ചു . ഉള്ളു തുറന്നു ഷെയർ ചെയ്യാൻ പറ്റിയ സൗഹൃദങ്ങൾ ഇല്ലായ്മയാണ് ഇന്നിന്റെ ശാപം – അച്ചൻ ഓർമ്മിപ്പിച്ചു .
 
ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആത്മീയ ഗുരുവായ ഫാ: നോബി അയ്യനേത്ത് , തന്റെ സ്വതസിദ്ധമായ ശൈലിയിൽ സെന്റ് തോമസ് ഡേ സന്ദേശം നൽകി . ബ്രോൺസ് ഫൊറോനാ വികാരി ഫാ : ജോർജ് ഇളമ്പാശ്ശേരി , ഹൃസ്വമെങ്കിലും ചിന്തോദ്ദീപകമായ വാക്കുകളിലൂടെ വചന സന്ദേശം നൽകി . ഫാ : ബേബി ഷെപ്പേർഡ് അച്ചനും ഫാ : ജോണി ചെങ്ങലാൻ CMI യും പരിപാടിയിൽ ഉടനീളം സംബന്ധിച്ചു.
സി എം ഐ സഭാ സ്ഥാപകൻ വി . ചാവറ അച്ചനെക്കുറിച്ഛ് ഫാ : ജോണി ചെങ്ങളാന്‍ CMI എഴുതി സംഗീതം നിർവഹിച്ചു ശ്രീ K G മാർക്കോസ് ആലപിച്ച ഒരു ഗാനം , അകാലത്തിൽ നമ്മെ വിട്ടുപോയ സ്വാതി അലോഷ്യസിന്റെ പാവന സ്മരണക്കായി J C മ്യൂസിക് എന്ന യു ട്യൂബ് ചാനലിലൂടെ ചിറമേൽ അച്ചൻ പ്രകാശനം ചെയ്തു .
 
തുടർന്നു നടന്ന കലാ സന്ധ്യയിൽ ജയാ തോമസ് & ടീം അവതരിപ്പിച്ച തനത് ക്രിസ്തീയ കലാരൂപമായ മാർഗം കളി ഏറെ ഹൃദ്യമായിരുന്നു . തന്റെ ചടുലമായ ചുവടുകളിലൂടെ നൃത്ത വിസ്മയം തീർത്ത ഒലിവിയ പ്രകാശും
ശ്രുതി മധുരമായ ഗാനങ്ങളിലൂടെ ആസ്വാദകരെ പുളകം കൊള്ളിച്ച അലക്സ് മണലിലും എൻജെല കിഷോയും ബിൻസി ജെയ്‌മിയും
വൺ മാൻ ഷോയിലൂടെ വിസ്മയം തീർത്ത കലാഭവൻ ജയനും കലാ സന്ധ്യ വർണ്ണാഭമാക്കി.
നോട്രെ ഡാം കാത്തലിക് കമ്മ്യൂണിറ്റിയുടെ നിർലോഭമായ സഹകരണം പരിപാടി മികവുറ്റതാക്കി .
 
പൊതു സമ്മേളനത്തിൽ നിന്നും ഇന്ത്യാ കാത്തലിക് അസോസിയേഷൻ ചാരിറ്റി ഫണ്ടിലൂടെ സമാഹരിച്ച പന്ത്രണ്ടായിരം ഡോളറിന്റെ ചെക്ക്
( $12000 ) ട്രഷറർ ശ്രീമതി മേരി ഫിലിപ്പും വൈസ് പ്രസിഡന്റ് ശ്രീ ജോസ് മലയിലും ചാരിറ്റി ചെയർമാൻ ശ്രീ അലക്സ് തോമസ് മുരിക്കനാനിയും ചേർന്നു ഫാ : ഡേവിസ് ചിറമേലിന്റെ ചാരിറ്റി ഫണ്ടിലേക്ക് സമ്മേളനത്തിൽ വച്ചുതന്നെ കൈമാറി . ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ നാളിതു വരെയുള്ള ചാരിറ്റി പ്രവർത്തനങ്ങളെ ചിറമേൽ അച്ചൻ മുക്തകണ്ഠം പ്രശംസിച്ചു . (കഴിഞ്ഞ രണ്ടു വർഷക്കാലമായി ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് ചാരിറ്റി പ്രവർത്തനത്തിന്റെ അമേരിക്കൻ പങ്കാളികളായിരുന്നു ഇന്ത്യാ കാത്തലിക് അസ്സോസിയേഷനും ഇന്ത്യാ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററും ).
ചാരിറ്റി ലക്ഷ്യമാക്കി ഈ വർഷം പ്രസിദ്ധീകരിക്കാൻ പോകുന്ന മാഗസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു ചടങ്ങിൽ എഡിറ്റർ ലിജോ ജോൺ വിവരിച്ചു . ശ്രീമതി സ്വപ്ന മലയിലും ശ്രീമതി അനുപ കിഷോയും പരിപാടിയുടെ എം സി മാരായി പ്രവർത്തിച്ചു .
ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ആദ്യ കാല നേതാക്കളായിരുന്ന ശ്രീ കെ ജെ ഗ്രിഗറി , ശ്രീ തോമസ് പാലത്ര , ശ്രീ തോമസ് തോയലിൽ , ശ്രീ ജോസഫ് കളപ്പുര, ശ്രീമതി ലാലി കളപ്പുര, ശ്രീ ജോണി സക്കറിയ, ശ്രീമതി വെറോണിക്ക താന്നിക്കാട്ട് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു .
 
വൈസ് പ്രസിഡന്റ് ശ്രീ ജോസ് മലയിൽ ട്രെഷറർ ശ്രീമതി മേരി ഫിലിപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ ഫിലിപ്പ് മത്തായി , എക്സ് ഒഫീഷ്യയോ ശ്രീ ലിജോ ജോൺ കമ്മറ്റി മെംബേർസ് ശ്രീ ഇട്ടൂപ്പ് ദേവസ്സി , ശ്രീമതി സിസിലി പഴയമ്പള്ളിൽ , ശ്രീ തോമസ് പ്രകാശ്, ശ്രീ ജോസഫ് മാത്യു ഇഞ്ചക്കൻ BOT ചെയർ ജോഫ്രിൻ ജോസ് BOT മെംബേർസ് ശ്രീ അലക്സ് തോമസ് മുരിക്കനാനി , ശ്രീ ഷാജിമോൻ വെട്ടം ശ്രീ ജോർജ് കൊട്ടാരം, ശ്രീ പോൾ ജോസ് , ശ്രീ ജോൺ പോൾ , ശ്രീ ജോൺ K ജോർജ്, ശ്രീ ജോർജ്കുട്ടി സോണൽ ഡയറക്ടർസ് ശ്രീ ജെയിംസ് ഇളംപുരയിടം, ശ്രീ ഫിലിപ്പ് K ജോസഫ് , ജോസഫ് തോമസ് , ശ്രീ ജോർജ് തോമസ് , ശ്രീ ജിം ജോർജ് , ശ്രീ ടോം K ജോസ്. ഓഡിറ്റർ മാത്യു ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി .
ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും പ്രസിഡന്റ് ആന്റോ വർക്കി അസോസിയേഷന്റെ പേരിൽ നന്ദി അറിയിച്ചു . പ്രോഗ്രാം കോർഡിനേറ്റർ ജോസഫ് മാത്യു ഇഞ്ചക്കൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു . ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു .
 
  • റോയ് ആന്റണി

 

LEAVE A REPLY

Please enter your comment!
Please enter your name here