കാർട്ടൂൺ – കോരസൺ 
 
കേരളാ മുഖ്യമന്ത്രിയെ ഇൻഡിഗോ വിമാനത്തിൽവച്ചു വധിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാസ്റ്റർമൈൻഡ് ആയ മുൻ നിയമസഭാംഗമായ കോൺഗ്രസ്നേതാവ് ശബരിനാഥെനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത് ഒരു കൊതുകുകടി പോലെയായിരുന്നുഎന്നാണ് ശബരിനാഥ് പറയുന്നത്. അൽപ്പം കഴിഞ്ഞു ചൊറിഞ്ഞപ്പോഴാണ് അറസ്റ്റ് നടക്കുന്നതു എന്നറിഞ്ഞത്. ഫോൺ കൊണ്ടുവരാത്തതിന് അദ്ദേഹത്തെ പോലീസ് വല്ലാതെ വഴക്കുപറഞ്ഞു, പൊതുപ്രവർത്തകർ അങ്ങനെ ഫോണില്ലാതെ നടക്കുന്നത് കേരളത്തിനു അപമാനമാണ്.
 
പ്ലെയിനിൽ കയറാത്ത എന്നെയെന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, ‘ഒക്കെ വാട്ട്സ്ആപ്പ് പറഞ്ഞുതരും’ എന്നാണ് പോലീസ്. നൂറുപേരിൽ കൂടുതലുള്ള ഗ്രൂപ്പിലാണോ ഇത്തരം കൊലപാതകം പ്ലാൻചെയ്യുന്നതുചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ, എന്താ നൂറുപേരിൽ കൂടുതൽ ആളുകൾ ഒന്നിച്ചു മുഖ്യമന്ത്രിയെ വധിക്കാൻ ആലോചിക്കുന്നത് തെറ്റാണോ എന്നായി പോലീസ്. ഞങ്ങൾ ഒന്നും അങ്ങനെ ഒളിച്ചുവെക്കില്ല എന്ന എം.എം. മണിയെ  ചൂണ്ടിക്കാണിച്ചു ഭരണക്ഷി നേതാവ് പറഞ്ഞു, ‘തട്ടണമെന്നു പറഞ്ഞാൽ ഞങ്ങൾ … ഹും അറിയാമല്ലോ’. അങ്ങനെ ധൈര്യമായിട്ടു തുറന്നുപറയു, അൽപ്പം ആണത്തം കാട്ടൂ കോൺഗ്രസ്സ് !!. 
 
ചുമ്മാ കുട്ടികൾ മൂക്കള തുടക്കുന്ന കറുത്ത തുണി പൊക്കി ദയനീയമായി പ്രതിഷേധം, പ്രതിഷേധം എന്നു പറഞ്ഞത് കേട്ടപ്പോൾ, കഠിന ഹ്ര്യദയനായ സാക്ഷാൽ ഇ. പി ജയരാജൻകൂടി കരഞ്ഞുപോയി. ചൈനീസ് വന്മതിൽ പോലെ മുഖ്യനെ സംരക്ഷിച്ച ജയരാജനു വീരമെഡൽ നൽകി ആദരിക്കണമെന്നു ഇൻഡിഗോ വിമാനക്കമ്പനി ആലോചിച്ചപ്പോഴേക്കും, പുള്ളിക്കാരൻ ഇൻഡിഗോ തല്ലിപ്പൊളി കമ്പനിയാണ്, അത് മുടിഞ്ഞുപോകും എന്നൊക്കെ പറഞ്ഞതുകൊണ്ട് അവർ ഇപ്പോൾ മൂന്നു ആഴ്ചത്തേക്ക് അവാർഡ് കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചു. 
 
വിമാനത്തിൽ അൽപ്പം മാന്യമായി ഇടപെട്ടുകൂടെ എന്നായി ഭരണപക്ഷം, അപ്പോൾ പിന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ കഴിഞ്ഞ സർക്കാർ ഭരണത്തിൽ അന്നത്തെ പ്രതിപക്ഷം സ്പീക്കറെ വധിക്കാൻ ശ്രമിച്ചു എന്ന പുതിയ ആരോപണം ഉന്നയിക്കില്ലേ എന്നായി. അപ്പോൾ ലഡു എടുത്തെറിഞ്ഞു അന്നത്തെ പ്രതിപക്ഷത്തെ വധിക്കാൻ ശ്രമിച്ചു എന്ന് മറ്റൊരു കേസ് വരൻ സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. 
 
കേരളത്തിലെ കണ്ടാലറിയാവുന്ന എല്ലാ പൗരന്മാരുടെപേരിലും ഓരോ കേസ് തയ്യാറാക്കിവെക്കാനാണ് കേരളാപൊലീസ് നീക്കം. അതുവരെ മണ്ണിൽ തലപൂഴ്ത്തിനിൽക്കുന്ന ഒട്ടകപക്ഷിയാണ്  തങ്ങളുടെ മാസ്റ്റർബ്രെയിൻ . ആരാണ് എപ്പോഴാണ് എവിടെയാണ് തിരിയുന്നത് എന്നറിയില്ലല്ലോ. അറ്റകൈക്കു ഒരു പണി. പിന്നല്ലാതെ ..കേരളാപോലീസിനോടാണ് മോനെ കളി, അതങ്ങു മാസ്റ്റർമൈൻഡിൽ വെച്ചാൽമതി.

LEAVE A REPLY

Please enter your comment!
Please enter your name here