ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 10, ശനിയാഴ്ച രാവിലെ 10:30 ന് കോപ്പൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

ഓർമ്മിക്കാനും ഓർമ്മകൾ പങ്കുവയ്ക്കാനുമുള്ളതുമാണല്ലോ ഓരോ ഓണവും. ഏഴുകടൽ കടന്നു ഈ നാട്ടിൽ കഴിയുന്ന നമ്മുടെ സമൂഹം അത്തപ്പത്തോണത്തിൻ

പൂവിളികൾക്കൊപ്പം ഗൃഹാതുരത്വതയുണർത്തൂന്ന ഓണാഘോഷത്തിനായും പരസ്പരം

ആശംസകൾ നേരാനായും ഒരുങ്ങിയിരിക്കുന്നു. മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷം ആഘോഷമില്ലാതെ കടന്നു പോയി. ആ നടക്കാതെ  പോയ ഓണാഘോഷത്തെ വിസ്മൃതിയിലേക്കു മാറ്റുവാൻ പൂർവ്വാധികം  ഊർജ്ജസ്വലതയോടെ,

ചിത്തങ്ങളാനന്ദപൂരിതമാക്കാൻ  കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണപരിപാടികൾ ഒരുക്കിയിരിക്കുന്നു. മുഖ്യാഥിതിയായി കോപ്പേൽ പ്രൊ ടെം മേയർ ബിജു മാത്യു പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഇത്തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരം നടത്തുന്നു. വിജയിക്ക്‌ പ്രത്യേക പരിതോഷികം നൽകും. അസോസിയേഷൻ മെംബേർസ് അണിയിച്ചൊരുക്കുന്ന തിരുവാതിര കളി, ഓണ പ്പാട്ട്, വള്ളം കളി, കേരളത്തിന്റെ തനത് നാടന്‍ കലാ നൃത്തവും മറ്റു വിവിധയിനം കലാപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ഐശ്വര്യപൂര്‍ണ്ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ള അവരവരുടെ ഓണത്തിന്റെ ഓർമ്മ ചിത്രങ്ങൾ ഹാളിലെ

സ്ലൈഡ്‌ പ്രദർശ്ശനത്തിൽ ഉൾക്കൊള്ളിക്കാൻ ഓർമ്മകളിലെ ഓണ ഫോട്ടോകൾ സെപ്റ്റംബർ 3, ശനിയാഴ്ചക്കകം ഇമെയിൽ ചെയ്യുക.

ചിത്ര പ്രദർശ്ശനമാണ് മറ്റൊരു വ്യത്യസ്തപരിപാടി. കേരളത്തെയോ ഓണത്തെയോ കുറിച്ചുള്ള നിങ്ങൾ വരച്ച ചിത്രങ്ങൾ സെപ്തംബർ പത്തിനു 10 മണിയ്ക്കുമുൻപു ഹാളിലെത്തിയ്ക്കുക (കുറഞ്ഞത്‌ ലെറ്റർ സൈസിൽ 8.5 x11 cm പേപ്പറിലോകാൻ വാസിലോ ആയിരിക്കണം). മാവേലിയെഴുന്നള്ളത്തു സമയത്ത് കേരളീയ വസ്‌ത്രങ്ങളിലെത്തി പരേഡിൽ പങ്കുചേരുന്നതിനും, ഓണ സദ്യസമയത്ത്‌ കരയോക്കെ സംഗീതമവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് അവസരം ഒരുക്കിയിട്ടുണ്ട്.  ഓണപ്പാട്ടുകൾക്കു മുൻഗണന. ടെക്സസിലെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായി മാറുന്ന ഈ സമ്മേളനത്തിലേക്കും ഓണസദ്യയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് :

മൻജിത് കൈനിക്കര (ആർട്ട്‌ ഡയറക്ടർ )-972-679-8555

 

( വാർത്ത :- അനശ്വരം മാമ്പിള്ളി )

LEAVE A REPLY

Please enter your comment!
Please enter your name here