ജോയിച്ചന്‍ പുതുക്കുളം

വിര്‍ജീനിയ: പ്രശസ്ത സംഗീത സംവിധായകന്‍ ഇഗ്‌നേഷ്യസ് (ബേര്‍ണി- ഇഗ്‌നേഷ്യസ്) നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകാംഗങ്ങളുമായി തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ലംഗീതലോകത്തെ അനുഭവങ്ങള്‍ പങ്കിട്ടു. 2022 ഓഗസ്റ്റ് 27-ന് പാരീഷ് ഹാളില്‍ വച്ചു നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ അമ്പതോളം പാരീഷ് അംഗങ്ങള്‍ പങ്കുചേര്‍ന്നു. 1992-ല്‍ കാഴ്ചയ്ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംഗിത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേര്‍ണി – ഇഗ്‌നേഷ്യസ് 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തരായത്. 1994 മുതല്‍ 2019 വരെ ചലച്ചിത്ര രംഗത്ത് തിളങ്ങിനിന്ന ബേര്‍ണി – ഇഗ്‌നേഷ്യസ് ദ്വയം എഴുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ആയിരത്തോളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിക്ക് ട്രസ്റ്റി ഷാജു ജോസഫ്, സജിത് തോപ്പില്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. മലയാളത്തിലെ മുന്‍നിര ഗായകരുടേയും സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും, ചലച്ചിത്ര രംഗത്തേക്ക് തങ്ങള്‍ എത്തിച്ചേര്‍ന്ന കഥകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ഇഗ്‌നേഷ്യസ്, സഹോദരന്‍ ബേര്‍ണിയുമായുള്ള ആത്മബന്ധത്തിന്റെ തീവ്രതയും പങ്കുവച്ചു.

തേന്മാവിന്‍ കൊമ്പത്ത്, കല്യാണരാമന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതിന് പിന്നിലെ രസകരമായ കഥകള്‍ കേള്‍വിക്കാര്‍ക്കും ഒരു പുത്തന്‍ അനുഭവമായി. സിനിമയിലെ രംഗങ്ങളും പാട്ടിന്റെ വരികളും അതിലെ സംഗീതവും ഒന്നിച്ചുചേര്‍ക്കുന്ന മാജിക് മജീഷ്യന്റെ തന്നെ വാക്കുകളില്‍ കൂടി കേട്ടത് സിനിമാലോകവുമായി അത്രയൊന്നും പരിചിതരല്ലാത്ത പാരീഷ് അംഗങ്ങളില്‍ കൗതുകമുണര്‍ത്തി.

ആകാശത്തിന്റെ കീഴില്‍ വേറൊരു നാമമില്ലല്ലോ…, ആഹ്ലാദചിത്രരായ് തുടങ്ങി…ചിരപരിചിതമായ പല ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത് ഇവരാണെന്നത് പലര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. കാരുണ്യപൂര്‍ണനാം ഈശോയെ നിന്നെ ഞാന്‍ പാരവശ്യത്തോടെ വാഴ്ത്തിടുന്നേ….എന്ന ആരാധനാ ഗാനവും ഇടവകാംഗങ്ങളെ പഠിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന പുത്രന്‍ അഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്ന വേളയിലാണ് സെന്റ് ജൂഡ് ഇടവകയില്‍  ഒരു സായാഹ്‌നം ചെലവഴിക്കാന്‍ അ#്‌ദേഹം കുടുംബത്തോടൊപ്പം എത്തിയത്. ക്വയര്‍ ടീം അംഗങ്ങളായ ടാന്യ ഷിജു, ഇവാ മാത്യു, സോനാ ടോമി, അലീന ജോസ്, അബിഗെയ്ല്‍ ചെറുവത്തൂര്‍ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ഇടവക വികാരി ഫാ. നിക്കോളാസ് തലകെട്ടൂര്‍ നന്ദിപറഞ്ഞ യോഗം അത്താഴത്തോടെ സമാപിച്ചു.

വാര്‍ത്ത തയാറാക്കിയത്: സുനു ബൈജു.

LEAVE A REPLY

Please enter your comment!
Please enter your name here