കൊച്ചി: കാലാവസ്ഥാമാറ്റവും ആഗോളതാപനവും കണക്കിലെടുത്തുകൊണ്ട് നൂതനമായ നഗരവികസന സങ്കേതങ്ങള്‍ രൂപപ്പെടുന്നതിനു ലക്ഷ്യമിട്ട് നടത്തുന്ന ബോധി 2022 ദേശീയ നഗരവികസന കോണ്‍ക്ലേവിനു മുന്നോടിയായി ആഗോള ഓസോണ്‍ പാളി സംരക്ഷണദിനത്തോടനുബന്ധിച്ച് ജിസിഡിഎയും കൊച്ചി നെക്‌സ്റ്റും ഞായറാഴ്ച 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാവിലെ 6-ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ ഹംപി ഹോളി ഫ്‌ളാഗ് ഓഫ് ചെയ്യും. 300ഓളം സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്ന പരിപാടി തുടര്‍ന്ന് എംജി റോഡ്, തേവര, തോപ്പുംപടി ബിഒടി പാലം, പെരുമ്പടപ്പ്, കുമ്പളങ്ങി, ഫോര്‍ട്ട്‌കൊച്ചി, തോപ്പുംപടി ഹാര്‍ബര്‍ പാലം, നേവല്‍ ബേസ്, തേവര, എംജി റോഡ് വഴി തിരികെ സ്റ്റേഡിയത്തിലെത്തി സമാപിക്കും. പരിസ്ഥിതിലോല പ്രദേശങ്ങളായ കുമ്പളങ്ങി, ചെല്ലാനം, ഹെറിറ്റേജ് പ്രദേശമായ ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്നതിലൂടെ ഒക്ടോബര്‍ 9, 10 തീയതികളില്‍ കൊച്ചിയില്‍ ജിസിഡിഎ ആതിഥ്യം വഹിക്കുന്ന ദേശീയ നഗരവികസന കോണ്‍ക്ലേവായ ബോധി 2022ന്റെ വികസനമൂല്യങ്ങളാണ് സൈക്ലത്തോണ്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള പറഞ്ഞു. ആസൂത്രിത നഗരവികസനത്തിനാണ് കോണ്‍ക്ലേവ് ഊന്നല്‍ നല്‍കുക. കൊച്ചിയെപ്പോലൊരു തീരദേശ നഗരത്തിന്റെ ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ കാലാവസ്ഥാമാറ്റവും ആഗോളതാപനവും ഓസോണ്‍ പാളിയുടെ സംരംക്ഷണവും ഏറെ നിര്‍ണായകമാണെന്ന തിരിച്ചറിവിലാണ് സെപ്തംബര്‍ 16ലെ ആഗോള ഓസോണ്‍ ദിനാചരണത്തിന്റെ തുടര്‍ച്ചയെന്നോണം സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നതെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here