ഷിക്കാഗോ: സീറോ മലബാര്‍ കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന് ഷിക്കാഗോ കത്തീഡ്രലില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. പിതാവായി അഭിഷിക്തനായശേഷം ആദ്യമായി കത്തീഡ്രല്‍ സന്ദര്‍ശിച്ച മാര്‍ കല്ലുവേലിലിന് വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഹൃദ്യമായ വാക്കുകളില്‍ സ്വാഗതമാശംസിച്ചു. കുര്‍ബാനയര്‍പ്പിച്ച പിതാവ് എല്ലാവരോടുമുള്ള കൃതജ്ഞതയര്‍പ്പിക്കുകയും ചിക്കാഗോ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു.

രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഇടവകയുടെ പ്രതിനിധികളായി കൈക്കാരന്മാരായ മനീഷ് ജോസഫ്, ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ്, പോള്‍ പുളിക്കന്‍ എന്നിവര്‍ പിതാവിനു പൂച്ചെണ്ട് നല്‍കി ആദരിച്ചു. 11 മണിക്ക് നടന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ രജതജൂബിലി കൃതജ്ഞതാബലിയിലും ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് പിതാവ് കാനഡ എക്‌സാര്‍ക്കേറ്റിനായി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു.

രൂപതയിലെത്തി പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തതിലും, തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ പങ്കുചേര്‍ന്നതിനും മാര്‍ കല്ലുവേലില്‍ പിതാവിനോടുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതായി മാര്‍ ജേക്കബ് അങ്ങാടിയത്ത് അറിയിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here