യൂണിവേഴ്‌സിറ്റി ഓഫ് ഒക്‌ലഹോമയിലെ നൃത്ത വിദ്യാര്‍ഥിനി ജൂലി ബസ്‌കനെ 21 വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആന്തണി സാഞ്ചസിന്റെ (44) വധശിക്ഷ നടപ്പാക്കി. കൊല നടന്നു 26 വര്‍ഷത്തിനു ശേഷമാണു വ്യാഴാഴ്ച്ച രാവിലെ മക്അലെസ്റ്ററിലുള്ള സ്റ്റേറ്റ് പെനിഷ്യറിയില്‍ വെച്ച് മൂന്നു മരുന്നുകള്‍ കുത്തി വച്ചു ശിക്ഷ നടപ്പാക്കിയത്. 1996ല്‍ നടന്ന കൊലപാതകത്തിലെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം നീണ്ടു നീണ്ടു പോയിരുന്നു. പത്തു വര്‍ഷത്തിനു ശേഷമാണു കവര്‍ച്ചക്കേസില്‍ ജയിലില്‍ കിടന്ന സാഞ്ചെസിന്റെ ഡി എന്‍ എ പരിശോധനയില്‍ കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞത്. മരണത്തിനു തൊട്ടു മുന്‍പും താന്‍ നിരപാധിയാണെന്ന് അവകാശപ്പെട്ട സാഞ്ചസ് പക്ഷെ വധശിക്ഷയ്‌ക്കെതിരെ ദയവിനു അപേക്ഷിച്ചിരുന്നില്ല.

വധശിക്ഷ നടപ്പാക്കുന്നതിനു അല്പം മുന്‍പ് സ്റ്റേ ആവശ്യപ്പെട്ടുള്ള സാഞ്ചസിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. അഭിഭാഷകന്‍ എറിക് ആലനാണ് അപേക്ഷ നല്‍കിയത്. അര്‍കന്‍സോയിലെ ബെന്റണ്‍ സ്വദേശിയായ ജൂലി ബസ്‌കനെ 1996 ഡിസംബര്‍ 20നു ഒക്‌ലഹോമയില്‍ നോര്‍മന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അന്നു വൈകിട്ടു ഒക്‌ലഹോമ സിറ്റിയില്‍ തെക്കുകിഴക്ക് സ്റ്റാന്‍ലി ഡ്രെപര്‍ തടാകത്തിനു സമീപം അവരുടെ ജഡം കണ്ടുകിട്ടി. ബലാത്സംഗം ചെയ്ത ശേഷം തലയില്‍ വെടിവച്ചിരുന്നു.

ബാലെ നൃത്തങ്ങളില്‍ തിളങ്ങിയ ബസ്‌കന്റെ പേരില്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ട്. ബസ്‌കന്റെ കുടുംബത്തില്‍ നിന്ന് ആരും വധശിക്ഷ നടപ്പാക്കുമ്പോള്‍ എത്തിയില്ല. എന്നാല്‍ യുവതിയുടെ കുടുംബവുമായി നിരവധി തവണ സംസാരിച്ചെന്നു അറ്റോണി ജനറല്‍ ജന്റര്‍ ഡ്രമ്മന്‍ഡ് പറഞ്ഞു. ‘ജൂലി കൊല ചെയ്യപ്പെട്ടത് 26 വര്‍ഷം 9 മാസം ഒരു ദിവസം മുന്‍പാണ്. ആ കുടുംബം അതിനെ അതിജീവിച്ചു സമാധാനം കണ്ടെത്തി.’ 2006ല്‍ ശിക്ഷിക്കപ്പെട്ട സാഞ്ചസ് താന്‍ നിരപരാധിയാണെന്നു നിരന്തരം ആവര്‍ത്തിച്ചിരുന്നു. ഡി എന്‍ എ കൃത്രിമമായി ചമച്ചതാണെന്നു സാഞ്ചസ് ആരോപിച്ചു. ബസ്‌കന്റെ അടിവസ്ത്രങ്ങളില്‍ നിന്നെടുത്ത സാഞ്ചസിന്റെ ശുക്ലമാണ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here