ആഷാ മാത്യു

2023ലെ നാമം യുവദീപ്തി എക്സലന്‍സ് അവാര്‍ഡ് ഡോ. സില്‍ജി എബ്രഹാമിന്. റട്ഗേഴ്സ് യൂണിവേഴ്സിറ്റി RWJ മെഡിക്കല്‍ സ്‌കൂളിലെ റിസര്‍ച്ച് അസോസിയേറ്റും ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിനിയുമായ ഡോ. സില്‍ജി എബ്രഹാം ഇപ്പോള്‍ പ്രസിഡന്റ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഇന്റേണ്‍ ചെയ്യുകയാണ്. ഈ വര്‍ഷം അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ നിന്ന് ഫെലോഷിപ്പിനായി ദേശീയതലത്തില്‍ സില്‍ജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക കോണ്‍ഫറന്‍സുകളില്‍ സില്‍ജി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിക്കുകയും ശാസ്ത്ര ജേണലുകളില്‍ നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബിഎസ്സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ സില്‍ജി പിന്നീട് റട്േഗഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഔട്ട്സ്റ്റാന്റിംഗ് സീനിയര്‍ അവാര്‍ഡും ക്ലിനിക്കല്‍ പ്രാക്ടീസിലെ മികവിനുള്ള ഫ്രാന്‍സെസ് മാര്‍ക്കസ് സ്റ്റെയിന്‍ഡിയര്‍ മെമ്മോറിയല്‍ അവാര്‍ഡും സില്‍ജിക്ക് ലഭിച്ചിട്ടുണ്ട്. ബിരുദത്തിനു ശേഷം, നെവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററില്‍ നിയോനാറ്റല്‍ ഐസിയുവില്‍ രജിസ്റ്റേഡ് നഴ്സായി സില്‍ജി ജോലി ചെയ്തു. പിന്നീട് ഫുള്‍ റൈഡ് സ്‌കോളര്‍ഷിപ്പോടെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സും പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.

ന്യൂയോര്‍ക്ക് അക്കാദമി ഓഫ് മെഡിസിനില്‍ നിന്ന് ഹെല്‍ത്ത് പോളിസിയില്‍ മാര്‍ഗരറ്റ് ഇ മഹോണി ഫെല്ലോഷിപ്പ് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് സില്‍ജി. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഹെല്‍ത്ത് ക്ലിനിക്കുകളിലെ പ്രാഥമിക പരിചരണ രീതികളിലെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കുന്നതിന് ഈ ഫെല്ലോഷിപ്പ് സില്‍ജിയെ സഹായിച്ചു. ജോര്‍ജ്ജ്ടൗണില്‍, നാഷണല്‍ സെക്യൂരിറ്റി ലോ & പോളിസി ജേണലില്‍ സ്റ്റാഫ് എഡിറ്റര്‍ കൂടിയാണ് ഡോ. സില്‍ജി എബ്രഹാം.

ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ പഥങ്ങളില്‍ വെന്നിക്കൊടി നാട്ടി സമൂഹത്തിനു മുതല്‍ക്കൂട്ടായ ്രേശഷ്ഠരെ ആദരിക്കുന്നതിനായാണ് ‘നാമം എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന നാമത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലും ഡോ. ആശാ മേനോന്‍ പ്രസിഡന്റുമാണ്. പോള്‍ കറുകപ്പിള്ളില്‍ ആണ് പ്രോഗ്രാംകോഡിനേറ്റര്‍.

LEAVE A REPLY

Please enter your comment!
Please enter your name here