വര്‍ണ്ണാഭമായ ചടങ്ങില്‍ ‘നാമം’ (North American Malayalee and Aossciated Members) എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്ററില്‍ വെച്ചാണ് അവാര്‍ഡ് നൈറ്റ് നടന്നത്. നാമത്തിന്റെ പത്താമത്തെ അവാര്‍ഡ് നൈറ്റില്‍ വെച്ച് കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ അവാര്‍ഡുകളേറ്റുവാങ്ങി.

കാലിഫോര്‍ണിയയ മുതല്‍ ന്യു യോര്‍ക്ക് വരെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ക്ഷണിക്കപ്പെട്ട അതിഥികളെ നാമം എക്‌സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ സ്വാഗതം ചെയ്തു. നാമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും അവാര്‍ഡ് വഴി മികവുറ്റവരെ ആദരിക്കുന്നതിന്റെ പ്രസക്തിയും അതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന അവാര്‍ഡ് നൈറ്റിന്സംഘടനയുടെ പ്രസിഡന്റ് ഡോ. ആശ മേനോന്‍ സ്വാഗതമാശംസിച്ചു. പ്രോഗ്രാം കോഡിനേറ്ററായ പോള്‍ കറുകപ്പിള്ളില്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നടി സോനാ നായര്‍, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരും ക്ലാര്‍ക്സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോമന്‍ അടക്കമുള്ള നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. പൊതുവെ മറ്റുള്ളവരെ ആദരിക്കാന്‍ മടിയുള്ള മനുഷ്യരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ് മാധവന്‍ നായരെന്ന് ആശംസാ പ്രസംഗത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ നിഷ പിള്ള പറഞ്ഞു. മലയാളി സമൂഹം രാഷ്ട്രീയമായും ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ സംസാരിച്ചു. മലയാളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന അവാര്‍ഡ് ജേതാക്കളെ സംവിധായകന്‍ കെ. മധു അഭിനന്ദിച്ചു. അവാര്‍ഡ് ജേതാക്കളെ പോലെ തന്നെ സദസ്സിലുള്ളവരും അവാര്‍ഡിനര്‍ഹരായവരാണെന്ന് നടി സോനാ നായര്‍ പറഞ്ഞു.

സാഹിത്യത്തിനുള്ള ‘നാമം’ എക്സലന്‍സ് പുരസ്‌കാരം ലക്ഷ്മി എം നായര്‍ ഏറ്റുവാങ്ങി. ആതുര സേവനത്തിനുള്ള പുരസ്‌കാരം ഡോ. ജേക്കബ് ഈപ്പനും ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ് പുരസ്‌കാരം മിത്രാസ് ബ്രദേര്‍സും സ്വീകരിച്ചു. ഡോ. ആനി പോള്‍ പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡും എകെ വിജയകൃഷ്ണന്‍ കമ്യൂണിറ്റി എക്സലന്‍സ് അവാര്‍ഡും അനില്‍ കുമാര്‍ പിള്ള കമ്യൂണിറ്റി ഔട്ട്സ്റ്റാന്റിംഗ് സര്‍വ്വീസ് എക്സലന്‍സ് അവാര്‍ഡും അഖില്‍ സുരേഷ് നായര്‍ യംഗ് എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡും ഡോ. മുകുന്ദ് തക്കാര്‍ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും സില്‍ജി എബ്രഹാം നാമം യുവദീപ്തി എക്‌സലന്‍സ് അവാര്‍ഡും ഷിജോ പൗലോസ് വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്‌സലന്‍സ് പുരസ്‌കാരവും ഏറ്റുവാങ്ങി.

സാഹിത്യത്തിനുള്ള നാമത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം ലക്ഷ്മി എം നായര്‍ താന്‍ എഴുതിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകള്‍ വേദിയില്‍ ആലപിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് നാമത്തിന്റെ ഈ അവാര്‍ഡെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ഡോ. ആനി പോള്‍ പറഞ്ഞു. ഇവിടെ ഇരിക്കുന്ന എല്ലാവരുടെയും നാമത്തില്‍, നാമത്തിന്റെ അവാര്‍ഡ് ഏറ്റുവാങ്ങുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അനില്‍ കുമാര്‍ പിള്ള കമ്യൂണിറ്റി ഔട്ട്സ്റ്റാന്റിംഗ് സര്‍വ്വീസ് എക്സലന്‍സ് അവാര്‍ഡ് സ്വീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ പിന്നിട്ടു പോന്ന കനല്‍ വഴികളില്‍ ശ്രദ്ധകേന്ദ്രീകരിക്കരുതെന്ന് ആതുര സേവനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. ജേക്കബ് ഈപ്പന്‍ പറഞ്ഞു.

അഞ്ചു വര്‍ഷം മുന്‍പ് താന്‍ ഇവിടെ വരുമ്പോള്‍ തനിക്ക് ആരെയും പരിചയമുണ്ടായിരുന്നില്ല. തന്റെ ലിസ്റ്റ്് നെയിം നായര്‍ എന്നായിരുന്നതു കൊണ്ട് അന്ന് പലരും ചോദിക്കുമായിരുന്നു മാധവന്‍ നായരുമായി ബന്ധമുണ്ടോ എന്ന്. അപ്പോള്‍ അദ്ദേഹം എന്ത് ചെയ്യുന്നു എന്ന് താന്‍ തിരിച്ചു ചോദിക്കുമ്പോള്‍ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ലെന്നാണ് പലരും മറുപടി പറഞ്ഞത്. ഇന്ന് അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് യംഗ് എന്റര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ അഖില്‍ സുരേഷ് നായര്‍ പറഞ്ഞു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ കല ഷാഹി, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, ലീല മാരേട്ട്, പി.ടി. തോമസ്, ഇന്ത്യ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് അബ്രഹാം, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവരാണ് നാമത്തിന്റെ മറ്റ് ടീം അംഗങ്ങള്‍. സാത്വിക ഡാന്‍സ് സ്‌കൂളിന്റെ മനോഹരമായ നൃത്തം, സുംബാ ഡാന്‍സ്, ക്യൂബന്‍ ഡാന്‍സ് തുടങ്ങി വേദിയില്‍ അരങ്ങേറിയ വിവിധ കലാപരിപാടികള്‍ അവാര്‍ഡ് നൈറ്റിനു കൊഴുപ്പേകി. പ്രോഗ്രാം ഡയറക്ടര്‍ ശബരീനാഥ് നായര്‍ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here